SignIn
Kerala Kaumudi Online
Saturday, 27 June 2026 7.43 PM IST

ശരീരം മുഴുവൻ പരിക്ക്, അസ്ഥികൾ പൊട്ടിയ നിലയിൽ; ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്

READ ENGLISH VERSION
sreenandha

ബംഗളൂരു: ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം തലയുടെ വലത് ഭാ​ഗത്തേറ്റ ​ഗുരുതര പരിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനന്ദയുടെ ശരീരം മുഴുവനും പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. വീഴ്‌ചമൂലമുണ്ടായതാണ് ഈ പരിക്കുകളെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാത്രിയോടെ ശ്രീനന്ദയുടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് സംസ്‌കാരം നടത്തും. അസാധാരണമായ ഒന്നും മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പറഞ്ഞിരുന്നു. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ 12 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രങ്ങൾ കീറിയത് മരച്ചില്ലകളിൽ തട്ടിയാവാമെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്.

തെരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം 1500 അടി താഴ്‌ചയിൽ, ബാബ ബുധാന്‍ഗിരിക്ക് സമീപം ഹര്‍ഷന ഗുപ്പയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളാണ് 15 കാരിയായ ശ്രീനന്ദ. 40 പേരടങ്ങുന്ന സംഘം കഴിഞ്ഞ ശനിയാഴ്ച്ചയാണ് നാട്ടിൽ നിന്നും കർണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്.

കുട്ടിയെ കാണാതായത് മുതൽതന്നെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അതിനാൽ, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിദ്ധ്യത്തിലും പരിശോധന നടത്തി. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാദ്ധ്യതയും തള്ളില്ലെന്നും ചിക്കമംഗളൂരു എസ് പി ജിതേന്ദ്ര ദയമ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENANDHA, DEATH, CHIKMANGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA