
ശിവഗിരി: കേരളത്തിലെ ഏതെങ്കിലുമൊരു വിമാനത്താവളത്തിന് ശ്രീനാരായണ ഗുരുദേവന്റെ പേരു നൽകണമെന്നും സംസ്ഥാന സർക്കാർ അതിന് നടപടികൾ സ്വീകരിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ആധുനിക കേരളം വാർത്തെടുത്ത ഗുരുവിന് നൽകാവുന്ന വലിയ ദക്ഷിണയാവും അതെന്നും അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ തിരുജയന്തി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
പല സംസ്ഥാനങ്ങളിലും അവിടെ ജന്മമെടുത്ത മഹത്തുക്കളുടെ പേരിൽ വിമാനത്താവളങ്ങളുണ്ട്. വി.പി.സിംഗ് പ്രധാനമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് എത്തിയപ്പോൾ തിരുവനന്തപുരം എയർപോർട്ടിന് ഗുരുദേവന്റെ പേരു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
അന്തരിച്ച ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ശിവഗിരി മഠത്തിൽ നിന്ന് നിവേദനം സമർപ്പിച്ചതിന്റെ ഭാഗമായി ചില ഗുരുദേവ കൃതികൾ സ്കൂൾപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അതിന് കാര്യമായ തുടർച്ചയുണ്ടായില്ല.സർവകലാശാല തലത്തിലും ഗുരുദേവ കൃതികൾ പഠിപ്പിക്കാൻ സംവിധാനം വരണം. ഗുരുദേവനുമായി കേരള കൗമുദി സ്ഥാപകൻ സി.വി കുഞ്ഞുരാമൻ നടത്തിയ മതപരമായ സംവാദവും പാഠ്യപദ്ധതിയിൽ
ഉൾപ്പെടുത്തണം. അത് പഠിച്ചാൽ മതതീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും പേരിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവും. ഗുരു രചിച്ച ദേവദശകം വിശ്വപ്രാർത്ഥനയാണ്. ഏതുമതസ്ഥർക്കും ചൊല്ലാവുന്ന വിധത്തിലുള്ള രചനയാണ് അത്. മുഖ്യമന്ത്രിയെ സ്വകാര്യമായി കണ്ട സന്ദർഭത്തിൽ ദൈവദശകത്തിലെ മൂന്നോ നാലോ പദ്യങ്ങളെങ്കിലും കേരളത്തിന്റെ പ്രാർത്ഥനാ ഗാനമായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പരിശ്രമം കൂടി ഉണ്ടാവണമെന്നാണ് ശിവഗിരി മഠത്തിന്റെ ആഗ്രഹമെന്നും
സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |