
ശിവഗിരി: സ്വതന്ത്ര മതസങ്കൽപ്പത്തിലൂടെ സ്വതന്ത്ര മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു ഗുരു ലക്ഷ്യമിട്ടിരുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ .അകത്തുള്ളവരെ പുറത്താക്കാനും പുറത്തുള്ളവരെ അകത്താക്കാനുമുള്ള ശ്രമങ്ങൾ നടന്നപ്പോൾ എല്ലാവരെയും അകത്താക്കാനാണ് ഗുരു യത്നിച്ചത്.
ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു സ്വാമി ശുഭാംഗാനന്ദ.
സമൂഹത്തോടും കാലത്തോടും ചേർന്ന് ജീവിക്കാൻ ഗുരു ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മഹാത്മ്യമായി കാണേണ്ടത്. സ്വതന്ത്ര മത സങ്കൽപ്പത്തിന് വേണ്ടിയാണ് നിലകൊണ്ടത്. മതത്തിന്റെ പേരിൽ ഇപ്പോൾ നിലനിൽക്കുന്ന വെല്ലുവിളികൾ നാം തിരിച്ചറിയണം. ക്ഷേത്രാരാധനയ്ക്കും മറ്റും ദളിത് വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുവിന്റെ ആത്മീയമായ ഉൾക്കാഴ്ചയും ആത്മനിഷ്ഠയും തിരിച്ചറിയാൻ ജയന്തി സമ്മേളനം പ്രയോജനപ്പെടുത്തണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു.
ഗുരുവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം പേർ സമൂഹത്തിൽ ഉയർന്നുവന്നെന്നും സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും മുന്നേറാനുള്ള അവസരങ്ങൾ ലഭിച്ചെന്നും അടൂർ പ്രകാശ് എം.പി. പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാൻ ഗുരുവിന്റെ ദർശനം സമൂഹത്തെ പ്രാപ്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ശ്രീനാരായണ ഗുരു പ്രത്യേക പ്രാധാന്യം നൽകിയിരുന്നുവെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളോടനുബന്ധിച്ച് പാഠശാലകളും വായനശാലകളും സ്ഥാപിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്‌കൃത പഠനത്തോടൊപ്പം ലോകത്തെ അറിയാൻ വരുംകാലത്തിന്റെ ഭാഷയായ ഇംഗ്ലീഷ് പഠിക്കണമെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചിരുന്നുവെന്നും ജോയി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |