
തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങൾ മൂന്ന് വർഷം കൂടുമ്പോൾ പരിശോധിക്കുമെന്നും അതിൽ എസ്.സി,എസ്.ടി പ്രാതിനിധ്യം കൃത്യമായി പാലിച്ചില്ലെങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി അവരെ സർക്കാർ സർവീസിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) നടത്തിയ അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണം പാലിച്ചുകൊണ്ടുള്ള നിയമനങ്ങളാണ് കേരളത്തിൽ നടക്കേണ്ടത്. കുറേ വർഷങ്ങളായി കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണ്. പി.എസ്.സിയില്ല, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്ല, സംവരണമില്ല. മൂന്നുവർഷത്തിലൊരിക്കൽ പി.എസ്.സി വഴിയുള്ള മുഴുവൻ നിയമനങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങൾക്ക് ആനുപാതികമായി നിയമനം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച കോളേജ് സി.എസ്.ഡി.എസിന് നൽകും. ബഡ്ജറ്റ് വിഹിതത്തിൽ പട്ടിക വിഭാഗങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് പൂർണ്ണമായും അനുവദിക്കുവാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ മുടങ്ങി കിടന്ന ഗ്രാന്റ് പ്രഥമ
പരിഗണന നൽകി, മുഴുവൻ തുകയും അനുവദിച്ചു.
പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. എൽ.പി.എസ്.ടി ഉൾപ്പെടെയുള്ള അദ്ധ്യാപക നിയമന പരീക്ഷകളുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധവും ആശങ്കകളും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം വിഷയങ്ങളിൽ ഉദ്യോഗാർഥികളുമായി ചർച്ചകൾ നടത്തിവരികയാണ്. പിന്നാക്ക വിഭാഗത്തിൽ ഭവനരഹിതർ ഉണ്ടാകരുതെന്നാണ് സർക്കാറിന്റെ സ്വപ്‌നം.
വിദ്യാഭ്യാസ -സാമൂഹിക പരിഷ്‌കരണരംഗത്ത് അയ്യങ്കാളി നൽകിയ സംഭാവനകളെയും പോരാട്ടങ്ങളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. അയ്യങ്കാളി മുന്നോട്ടുവച്ച പുരോഗമനസ്വഭാവത്തോട് നീതിപുലർത്തുന്നതായിരിക്കും സർക്കാറിന്റെ പ്രവർത്തനങ്ങളെന്നും ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |