SignIn
Kerala Kaumudi Online
Saturday, 27 June 2026 10.00 AM IST

'ഞാൻ ഇന്ന് അനുഭവിക്കുന്നത് എന്തെന്ന് പറഞ്ഞറിയിക്കാനാവില്ല, നിങ്ങൾ ഇങ്ങനെ പോയത് ഹൃദയം തകർത്തു',​ ബിജീഷിന് ഓർമ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്

bijeesh-balan

തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ സിനിമാ മേക്കപ്പ് ആർടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. മോഹൻലാലിന്റെ മകൾ വിസ്‌മയ നായികയായ തുടക്കം എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവർത്തിച്ചത്. ബിജീഷിന് ആദരാഞ്ജലിയർപ്പിച്ച് സിനിമാ മേഖലയിലെ നിരവധി വ്യക്തിത്വങ്ങൾ കുറിപ്പുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടി നമിതാ പ്രമോദും ബിജീഷിന്റെ മരണത്തിൽ ഓർമ്മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. സമൂഹമാദ്ധ്യമത്തിലാണ് നടി ബിജീഷിനൊപ്പമുള്ള ചിത്രങ്ങളടക്കം കുറിപ്പ് പങ്കുവച്ചത്.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ നിങ്ങളെപ്പോലെ ഒരാളെ നഷ്‌ടപ്പെടുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്ന് നടി കുറിക്കുന്നു. 'ഇന്ന് ഞാൻ അനുഭവിക്കുന്നതെന്തെന്ന് പറഞ്ഞറിയിക്കാനാവില്ല. നിങ്ങൾ ഇനി ഞങ്ങൾക്കൊപ്പമില്ലെന്നത് എനിക്കിപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല. നിങ്ങളൊരിക്കലും എന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നില്ല ഒരു കുടുംബമായിരുന്നു. ജോലിസ്ഥലത്ത് ഓരോദിവസവും നിങ്ങൾ എനിക്ക് സുരക്ഷിതത്വവും സന്തോഷവും സുഖവും നൽകി. എന്റെ സഹോദരനായി നിങ്ങളെ ഞാൻ കണ്ടു. നിങ്ങൾ ഇങ്ങനെ മരിച്ചുപോയത് എന്റെ ഹൃദയം തകർത്തു.' നമിതയുടെ കുറിപ്പിൽ പറയുന്നു.

ബിജീഷ് ബാലനടക്കം 14 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ 11 പേർ ആശുപത്രിയിലുണ്ട്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലാണെന്നും തൃശൂർ ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. നാലുപേരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. സുരേഷ് സി എ (കാഞ്ഞിരക്കോട്), വിഷ്ണു (മനക്കൂടി), അഭിജിത്ത് (കോട്ടപ്പുറം), ഗിരീഷ് (കോട്ടപ്പുറം) എന്നിവരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ കമ്മിഷനാണ് അന്വേഷണച്ചുമതല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഇവർക്ക് രണ്ട് ലക്ഷം രൂപ സഹായധനമായി നൽകും. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIJEESH BALAN, MAKEUP ARTIST, NAMITHA PRAMOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA