SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

 മനുഷ്യ-വന്യജീവി സംഘർഷം തടയിടാൻ 500 പേരുടെ സ്‌പെഷ്യൽ ഫോഴ്‌സ്

a

കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർഷത്തിന് തടയിടാൻ 500 പേരുടെ സ്‌പെഷ്യൽ റിസർവ് ഫോഴ്‌സിനെ രംഗത്തിറക്കാൻ വനംവകുപ്പ്. വന്യജീവികളുടെ സാന്നിദ്ധ്യം പതിവായ മേഖലകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വയനാട്,ഇടുക്കി,പാലക്കാട്,തൃശൂർ തുടങ്ങിയയിടങ്ങളിലെ 100 ഹോട്ട്‌സ്‌പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള യൂണിറ്റുകളെയാണ് വിന്യസിക്കുക. വന്യജീവികളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും അപകടസാദ്ധ്യത കണ്ടെത്തി മുന്നറിയിപ്പ് നൽകുകയും ഇവ ജനവാസമേഖലകളിലേക്ക് കടന്നെത്തുന്നത് തടയുകയും ചെയ്യും. വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിർദ്ദേശപ്രകാരമാണിത്.

കാടിനെ

അറിയുന്നവ‌ർ

വന്യജീവി സാന്നിദ്ധ്യമുള്ള പ്രദേശങ്ങളെക്കുറിച്ച് അറിയാവുന്ന ഗോത്രവർഗക്കാർ,വനംവകുപ്പിൽ നിന്ന് വിരമിച്ച വിദഗ്ദ്ധർ,പരിചയസമ്പന്നരായ തദ്ദേശവാസികൾ,സാങ്കേതിക പരിജ്ഞാനമുള്ളവർ എന്നിവരെയാണ് സേനയിൽ ഉൾപ്പെടുത്തുക. ദിവസക്കൂലി അടിസ്ഥാനത്തിൽ. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുകളുമായി (ആർ.ആർ.ടി) പ്രവർത്തിക്കും. വന്യജീവികളെ കാട്ടിലേക്ക് തിരിച്ചയക്കുന്ന ആർ.ആർ.ടികളുടെ ദൗത്യത്തിനും സേന സഹായം നൽകും. പട്രോളിംഗ് 24 മണിക്കൂർ. എ.ഐ ഡ്രോൺ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ‌ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.

കാട്ടാനകളെ പ്രത്യേക

നിരീക്ഷിക്കും

കാട്ടാന ശല്യം കൂടുന്നതിനാൽ ഇവയ്ക്ക് പ്രത്യേകശ്രദ്ധ നൽകും. കാട്ടാനകളുടെ സഞ്ചാരപഥവും നീക്കങ്ങളും നിരീക്ഷിച്ച് ജനവാസമേഖലകളിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ മുന്നറിയിപ്പ് നൽകും. 2024ൽ നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 1,793 ആനകളുണ്ടെന്നാണ് കണ്ടെത്തിയത്.

സ്‌പെഷ്യൽ റിസർവ് ഫോഴ്‌സിന്റെ പ്രവർത്തനത്തിനുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറായി. അടുത്തദിവസം യോഗത്തിൽ അവതരിപ്പിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ സജ്ജമാക്കും.

-ഡോ. പി. പുകഴേന്തി,

ചീഫ് വൈൽഡ് ലൈഫ് വാർഡൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA