
തിരുവനന്തപുരം: എല്ലാവരും സ്നേഹത്തോടെ 'അമ്മച്ചി" എന്നുവിളിച്ചിരുന്ന പത്മിനി വർക്കി എന്ന സാമൂഹിക പ്രവർത്തകയെ ഇനി ശാസ്ത്രലോകവും എന്നും ഓർക്കും. ത്രിപുരയിലെ ജംപുയി കുന്നുകളിൽ നിന്ന് കണ്ടെത്തിയ കാസ്‌കേഡ് തവള സ്പീഷിസ്, 'അമ്മച്ചി കാസ്‌കേഡ് തവള" (Amolops ammachi) എന്നറിയപ്പെടും. 'ഫ്രോഗ്മാൻ ഒഫ് ഇന്ത്യ" എന്നറിയപ്പെടുന്ന ഉഭയജീവി ഗവേഷകനും ഡൽഹി സർവകലാശാലാ പ്രൊഫസറുമായ ഡോ. എസ്.ഡി.ബിജുവും (സത്യഭാമാദാസ് ബിജു) സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ.
എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും തിരുവനന്തപുരത്തെ വിദ്യാർത്ഥി സംഘടനാപ്രവർത്തകർക്ക് അഭയസ്ഥാനമായിരുന്നു അമ്മച്ചിയെന്ന പദ്മിനി വർക്കിയുടെ വീട്. അക്കാലത്ത് ഡോ. എസ്.ഡി. ബിജുവും അമ്മച്ചിയുടെ കരുതൽ അറിഞ്ഞിട്ടുണ്ട്. അമ്മച്ചിയോടുള്ള സ്നേഹാദരവാണ് പുതിയ കണ്ടുപിടിത്തത്തിന് പത്മിനി വർക്കിയുടെ പേരിടാൻ ബിജുവിനെ പ്രേരിപ്പിച്ചത്. ഹാർവാർഡ് സർവകലാശാല കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ശാസ്ത്രജേർണലിലെ പഠന റിപ്പോർട്ടിൽ അമ്മച്ചിതവള സ്ഥാനം പിടിച്ചു.
കോഴിക്കോട് സ്വദേശിയായ പത്മിനി വർക്കി ആരോഗ്യവകുപ്പിലായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങിയത്. പല സ്ത്രീ സംഘടനകളുടെയും നേതൃത്വത്തിലുണ്ടായിരുന്നു. ആദ്യം എറണാകുളവും പിന്നീട് തിരുവനന്തപുരവുമായിരുന്നു കർമ്മ മണ്ഡലം. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം സാന്ത്വനപരിചരണ രംഗത്ത് സജീവമായി. 2015ൽ അന്തരിച്ചു. ഡ്രഗ്സ് കൺട്രോളറായിരുന്ന പി.എം വർക്കിയാണ് ഭർത്താവ്. മന്ത്രി സി.പി.ജോണിന്റെ ഭാര്യ അരുണ വർക്കി, ഡോ. പി.വി.ഐഷ (ഗൈനക്കോളജിസ്റ്റ്), പി.വി.രാജു(റിട്ട. എ.ജി.എം കാനറാബാങ്ക്, പി.വി.അശോകൻ, ഡോ. പി.വി.അജയൻ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. പി.വി.അനിയൻ എന്നിവരാണ് മക്കൾ.
അമ്മച്ചി കാസ്‌കേഡ്
80 മില്ലിമീറ്ററോളം നീളമുള്ള ഇടത്തരം തവളയാണ് അമ്മച്ചി കാസ്‌കേഡ്. തവിട്ടു നിറത്തിലുള്ള ശരീരത്തിൽ മനോഹരമായ ഒലിവ് നിറത്തിലുള്ള പാറ്റേണുകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |