SignIn
Kerala Kaumudi Online
Monday, 10 August 2026 5.03 PM IST

ടീകെസിയുടെ 50 വർഷങ്ങൾ ,​ ഗബ്രിയേൽ ജോസഫിന്റെയും

gabriel-joseph-
ഗബ്രിയേൽ ജോസഫ്

ഇന്ത്യൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റിയ ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും വരുന്നതിന് മുൻപ് സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും ഡുറന്റ് കപ്പും ജിവി രാജ, നെഹ്രു കപ്പ്, സേഠ് നാഗ്‌ജി ടൂർണമെന്റ് എന്നിവയൊക്കെയായിരുന്നു കേരളത്തിലെ ഫുട്ബാൾ ആരാധകരുടെ ആവേശമായിരുന്നത് ഇന്നത്തെ യുവതലമുറയ്ക്ക് യൂറോപ്യൻ ക്ലബുകളായ ആർസനലും മാഞ്ചസ്റ്റർ യുണൈറ്റഡും റിയൽ മാഡ്രിഡും ഒക്കെ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ പ്രമുഖ ക്ലബുകളായ പ്രീമിയർ ടയേഴ്‌സ്, കേരള പൊലീസ് , ടൈറ്റാനിയം , കെ.എസ്.ഇ,ബി തുടങ്ങിയ ക്ലബുകൾ. എന്നാൽ ഇന്ന് ഈ ക്ലബുകളിൽ ചിലത് പൂർണമായി നിലയ്ക്കുകയും ചിലത് തങ്ങളുടെ പ്രതാപ കാലത്തിന്െ നിഴലുകളായി മാറുകയോ ചെയ്തു. .

എന്നാൽ കേരളത്തിന്റെയും ഇന്ത്യയുടെയും ഫൂട്ബാൾ രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഒരു ക്ലബ് അതിന്റെ സുവർണ ജൂബിലി വർഷത്തോടടുക്കുമ്പോഴും ഇന്നും സജീവമായി രംഗത്തുണ്ട് . ടീക്കേസി ഫുട്ബാൾ ക്ലബാണത് . ക്ലബിന്റെ അമ്പതാം വർഷത്തിൽ ഇരട്ടിമധുരമായി ഈ വർഷം തിരുവനന്തപുരം ജില്ലാ എ ഡിവിഷൻ ചാമ്പ്യൻപട്ടവും അവർ നേടി. ടീക്കേസിയുടെ തുടക്കം മുതൽ ഇന്ന് വരെ ക്ലബിനെ തോളിലേറ്റി മുന്നോട്ടു കൊണ്ടുപോയത് മുൻ ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനും കോച്ചിംഗ് ഡയറക്ടറുമായിരുന്ന ഗബ്രിയേൽ ജോസഫാണ്. ക്ലബിന്റെ 50 വർഷത്തെ ചരിത്രം ഗബ്രിയേൽ ജോസഫിന്റെ കൂടി ജീവിതമാണ്. ഒരുപാട് കളിക്കാരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ടീക്കേസി ക്ലബിനെ കുറിച്ച് ഗബ്രിയേൽ ജോസഫ് കേരളകൗമുദി ഓൺലൈനിനോട് മനസ് തുറക്കുന്നു.

tksc
1982-83 കാലഘട്ടത്തിലെ ടി.കെ.സി ഫുട്ബാൾ ടീം . ഗബ്രിയേൽ ജോസഫ് മദ്ധ്യത്തിൽ

ടീകെസിയുടെ പിറവി

1977ൽ ടൈറ്റാനിയത്തിനടുത്ത് ബോംബയിലെ ഒരു വ്യവസായ ഗ്രൂപ്പ് ടി.കെ.കെമിക്കൽസ് എന്ന സ്ഥാപനം തുടങ്ങിയതാണ് ക്ലബ് തുടങ്ങാൻ നിമിത്തമായത്. അന്ന് എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ശേഷം ടൈറ്റാനിയത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസറും ഫുട്ബോൾ കോച്ചും ആയി പ്രവർത്തിച്ചു വരികയായിരുന്നു. ടി.കെ.കെമിക്കൽസിൽ നിന്ന് നല്ലൊരു ഓഫർ വന്നപ്പോൾ ടൈറ്റാനിയത്തിൽ നിന്ന് രാജി വച്ച് ഇവിടെ ജോയിൻ ചെയ്തു. അവിടെ ചേർന്ന ശേഷം ഒരു ഫുട്ബാൾ ക്ലബ് ഉണ്ടാക്കണമെന്ന നിർദ്ദേശം മാനേജ്‌മെന്റിന് മുന്നിൽ വച്ചു. .എന്നാൽ ആദ്യമൊന്നും അനുകൂല സമീപനമല്ല മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അഞ്ചു വർഷം കഴിഞ്ഞ് ക്ലബ് രൂപീകരിക്കാം എന്നായിരുന്നു അവരുടെ നിലപാട്. . ഗസ്റ്റായി കളിക്കാരെ കൊണ്ടുവന്ന് ക്ലബ് രൂപീകരിക്കാം എന്ന എന്റെ നി‌ർദ്ദേശം മാനേജ്മെന്റ് ഒടുവിൽ അംഗീകരിക്കുകയായിരുന്നു.

കളിക്കാരെ കണ്ടെത്തിയത്

കളിക്കാരെ കണ്ടെത്താൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. തൊട്ടുമുന്നിൽ തന്നെ അവരുണ്ടായിരുന്നു. തീരദേശത്തെ പഞ്ചാരമണലിൽ പന്തുതട്ടി തിമിർത്തിരുന്ന കുറെപേരെ തിരഞ്ഞെടുത്തു. മണ്ണിൽ കളിച്ചിരുന്ന അവർക്ക് ജഴ്സിയും ബൂട്ടുകളും ഒപ്പം നല്ല ഗ്രൗണ്ടിൽ പരിശീലനവും നൽകിയപ്പൾ ഒരു പിടി താരങ്ങൾ പിറന്നു.. മികച്ച പരിശീലനത്തിലൂടെ ജില്ലാ ബി ഡിവിഷൻ ലീഗിൽ പ്രവേശനം. 1978-79 വർഷങ്ങളിൽ ഡിവിഷൻ ചാമ്പ്യൻമാരായതോടെ എ ഡിവിഷനിലേക്ക് പ്രവേശനം ലഭിച്ചു. ഇതോടെ ബാക്കി കുറെ കളിക്കാർ കൂടി ടീമിൽചേരാനുള്ള താത്പര്യവുമായി വന്നു. ജോലി വേണ്ട കളിച്ചാൽ മതി എന്നായിരുന്നു അവരുടെ സമീപനം. ഈ ടീമിലൂടെ വന്നവർ പിന്നീട് ജില്ലാ, ജൂനിയർ, സീനിയർ ടീം,ടീം, കേരള ടീം, ദേശീയ ടീമിന് വേണ്ടിയൊക്കെ കളിച്ചു. പലരും ബിഎസ്എൻഎൽ, പൊലീസ്, കെഎസ്ഇബി എന്നിവിടങ്ങളിൽ ജോലി നേടി.

teekec
ടീക്കേസി ഫുട്ബാൾ ക്ലബിന്റെ 50ാം വർഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ 2026 എ ഡിവിഷൻ ലീഗ് ചാമ്പ്യൻമാരായ ടീമംഗങ്ങളൊപ്പം ഗബ്രിയേൽ ജോസഫും മുൻകളിക്കാരും

സുവർണ കാലഘട്ടം

1982 മുതലാണ് ടികെസിയുടെസുവ‌ർണ കാലഘട്ടം എന്നു പറയാവുന്നത്. ആ വർഷത്ത എ ഡിവിഷൻ ലീഗിൽ അന്നത്തെ പ്രശസ്ത താരങ്ങളടങ്ങിയ ഗ്ലാമർ ടീമായ കേരള പൊലീസിനെ ടികെസി അട്ടിമറിച്ചത് ഇന്നും ആവേശം ഉണർത്തുന്നു. ടികെസി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പീന്നീട് കേരളകൗമുദി ട്രോഫിക്ക് വേണ്ടി നടന്ന മത്സരത്തിൽ അന്നത്തെ കരുത്തരായ പ്രീമിയർ ടയേഴ്‌സിനെ അട്ടിമറിച്ച് അവർ വീണ്ടും കരുത്ത് കാട്ടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടികെ.സിയുടെ വിജയം.. കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ ടീമുകളെല്ലാം പലയവസരത്തിൽ ടികെസിക്ക് മുന്നിൽ അടിയറവ് പറഞ്ഞു.1984ൽ തമിഴ്‌നാട്ടിലെ കായൽപ്പട്ടണത്തിൽ നടന്ന അഖിലേന്ത്യാ ഫുട്‌ബോൾ മത്സരത്തിൽ സർവീസസിനെ തോൽപ്പിച്ച് ട്രോഫി നേടിയതാണ് ടികെസിയുടെ കിരീടത്തിലെ സുവർണ മുദ്രയായി ഇന്നും സുവർണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ക്ലബിന്റെ സുവർണ താരങ്ങൾ

കേരളത്തനും ഇന്ത്യൻ ടീമിനും നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് ടികെ.സി. ഇന്ത്യൻ ഫുട്ബാൾ താരമായിരുന്ന തോമസ് സെബാസ്റ്റ്യൻ, രാജീവ് കുമാർ, ബ്രൂണോ, വിൻസെന്റ്, ജോസഫ് വിൽസൺ, സേവ്യർ, ഗീവർഗീസ്, ഡോ. നിസാർ, മനോജ്, ക്ലീറ്റസ് തുടങ്ങിയവർ ടികെസിയിലൂടെ പന്ത് തട്ടി തുടങ്ങിയവരിൽ ചിലർ മാത്രമാണ്. .

വീഴ്ചയും ഉയിർത്തെഴുന്നേൽപ്പും

തൊഴിൽ സമരം കാരണം 1982ൽ കമ്പനി പൂട്ടിയതോടെ ടീകെസി ക്ലബിന്റെ പ്രവർത്തനം വഴിമുട്ടി. കളിക്കാർ പലരും ക്ലബ് വിട്ടു. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും നേട്ടം കൊയ്ത ടീമിനെ അങ്ങനെ അകാലചരമം അടയാൻ വിട്ടുകൊടുക്കാൻ ഗബ്രിയേൽ ജോസഫ് തയ്യാറായിരുന്നില്ല. ക്ലബിനെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. .ടി.കെ.കെമിക്കൽസ് പൂട്ടിയതു കൊണ്ട് ടി.കെ.സി എന്ന പേരിന് ചെറിയ ഒരു മാറ്റം വരുത്തി ടീക്കേസി എന്നാക്കി മാറ്റി. ഇതിനൊപ്പം സ്പോർട്സ് ദ്വീപ്, ജീജേസ് അക്കാഡമി എന്നീ രണ്ട് ക്ലബുകൾക്കും രൂപം നൽകി.

കോച്ചിംഗ് തിരക്കുകൾക്കിടയിലും മറന്നില്ല ടീക്കേസിയെ

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലകൻ, എ.ഐ.എഫ്.എഫിന്റെ കോച്ചിംഗ് ഡയറക്ടർ എന്നീ നിലകളിലെ തിരക്കുകൾക്കിടയിലും മൂന്നു ക്ലബുകളെയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകാൻ ഗബ്രിയേൽ ജോസഫ് മറന്നില്ല. ജിജേസ് അക്കാഡമിയുടെ നേതൃത്വ ത്തിൽ കോച്ചിംഗ് ക്യാമ്പുകളും സംഘടിപ്പിച്ചു. ഒരുവർഷം ഒരു ക്ലബിന് ലീഗിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഉൾപ്പെടെ ഒരുലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്ന് അദ്ദേഹം പറയുന്നു..തന്റെ സ്വന്തം കൈയിൽ നിന്നാണ് ക്ലബിന്റെ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നത്. പിതാവിന് പിന്തുണയുമായി കോച്ചുകൂടിയായ മകൻ ചാൾസ് ജി.ജെയും ഒപ്പമുണ്ട്.

ഈ 50 ാം വർഷത്തിലും ടീക്കേസിയും യുവ പ്രതിഭകളുമായി മുന്നോട്ടുളള യാത്ര തുടരുകയാണ് ഗബ്രിയേൽ ജോസഫ്. കേരളത്തിലും ഇന്ത്യയിലും നിരവധി ഫുട്ബാൾ പ്രതിഭകൾ വളർന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ഫുട്ബാൾ ഭാവി ശോഭനമാണെന്നും അടിസ്ഥാന സൗകര്യങ്ങളാണ് വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TKC CHEMICALS, TEEKEEC, GABRIEL JPSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA