SignIn
Kerala Kaumudi Online
Tuesday, 11 August 2026 1.05 AM IST

ഇതാ വിപ്ലവകാരി ഗ്രോ വാസു,​ ജീവിക്കാൻ കുട നിർമ്മാണം

READ ENGLISH VERSION
vb
f

കോഴിക്കോട്: 'വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നു പറഞ്ഞിട്ടിപ്പോ കുടക്കാലിലൂടെയായോ വാസ്വേട്ടാ..." നിവർത്തിപ്പിടിച്ച കുടത്തുണി കമ്പിയിൽ കോർക്കുന്നതിനിടെ, മുൻ നക്സലൈറ്റ് ഗ്രോ വാസു തല ഉയർത്തി. ചെറുചിരി മുഖത്ത് വിരിഞ്ഞു. പഴയ വീര്യം തെളിഞ്ഞു: ''വിപ്ലവം എങ്ങോട്ടും പോയിട്ടില്ല. നൂറുകണക്കിന് കേസുണ്ട്, പിന്നെ രണ്ടുനേരം കഞ്ഞികുടിക്കണം. ആർക്കും മുന്നിൽ കൈനീട്ടാനാവില്ലല്ലോ..."" കൊമ്പൻ മീശ ഒന്നു കൂടി പിരിച്ച് വാസ്വേട്ടൻ പറഞ്ഞു. കോഴിക്കോട് കോട്ടൂളിയിൽ ഒരു കടയ്ക്കു മുകളിലെ ഒറ്റമുറി വീട്ടിലിരുന്ന് 97ാം വയസിലും 'മഴയുടെ ഇടിമുഴക്കങ്ങൾക്ക് " കാതോർത്ത് കുടയുണ്ടാക്കുകയാണ് അയിനൂർ വാസുവെന്ന ഗ്രോവാസു.

'' ദിവസം രണ്ടോ മൂന്നോ കുടയുണ്ടാക്കും. കഞ്ഞിക്കുള്ള വകയും സമരത്തിനും കേസിനും പോകാനുള്ളതും കിട്ടും""- അദ്ദേഹം പറഞ്ഞു.സഹോദരിയുടെ ഭർത്താവിന് കുട നിർമ്മാണമാണ്. അങ്ങനെ പഠിച്ചതാണിത്. അവരിൽ നിന്ന് സാമഗ്രികൾ വാങ്ങി കുടയുണ്ടാക്കി തിരികെ നൽകും. കുട്ടികൾക്കുള്ള വർണ്ണക്കുടകളും ത്രീഫോൾഡ് കുടകളുമുണ്ടാക്കും.

അവസാനത്തെ സമരം

അഞ്ഞൂറോളം കേസുണ്ട്. കൊലപാതകം, വധശ്രമം, കാലാപാഹ്വാനം,​ അങ്ങനെ വകുപ്പുകളേറെ. കരുളായി വനമേഖലയിൽ മാവോയിസ്റ്റ് നേതാവ് കുപ്പുരാജനെയും അജിതയെയും തണ്ടർബോൾട്ട് സേന വെടിവച്ച് കൊന്നതിനെതിരെയുള്ള 2023ലെ സമരമായിരുന്നു അവസാനത്തേത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി, സംസ്‌കരിച്ചു. പിന്നെ പൊലീസുമായി കയർത്ത് ജയിൽലിൽ, അവിടെയും നിരാഹാരം.

13കാരൻ വാസു

13ാം വയസിൽ തുടങ്ങിയതാണ് വിപ്ലവാവേശം. ''തിരുനെല്ലിക്കാട്ടിൽ വർഗീസിനെ പൊലീസ് വെടിവച്ച് കൊന്നതുപോലെ ഇപ്പോഴും ജനാധിപത്യ ധ്വംസനം തുടരുമ്പോൾ മിണ്ടാതിരിക്കുന്നതെങ്ങനെ. അതിൽകൂടുതലും കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ കാലത്തായിരുന്നു.."" നക്സൽ വർഗീസിന്റെ സഹചാരിയായിരുന്ന വാസു പറഞ്ഞു. തിരുനെല്ലി-തൃശ്ശിലേരി കൊലക്കേസിൽ ഒന്നാംപ്രതിയാണ് വാസു. വർഗീസിനെവെടിവച്ചുകൊന്നശേഷം വാസുവിനെ പൊലീസ് ഒന്നാം പ്രതിയാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRO VASU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA