SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

1.3കോടിയുടെ ജ‌‌‌ർമ്മൻ ഫെലോഷിപ്പ്, ആദിത്യയ്ക്ക് ഇത് സ്വപ്ന നേട്ടം

ph-1

കണ്ണൂർ: തുടർച്ചയായ പഠനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഏറെനാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിനി ആദിത്യ മനോജ്. ജർമനിയിലെ കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പിഎച്ച് .ഡി ഗവേഷണത്തിനുള്ള 1.3കോടിയുടെ ഫെലോഷിപ്പാണ് ഈ 22കാരി സ്വന്തമാക്കിയത്. ജർമൻ സർക്കാരും കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്നാണ് നാല് വർഷത്തെ ഗവേഷണ ഫെലോഷിപ്പ് നൽകുന്നത്. ഫിസിക്കൽ കെമിസ്ട്രിയിലെ ന്യൂക്ലിയർ മാഗ്‌നറ്റിക് റെസൊണൻസ് (എൻ.എം.ആ‌ർ) മേഖലയിലാണ് ആദിത്യയുടെ ഡോക്ടറൽ ഗവേഷണം. ലോ-ഫീൽഡ് ഹൈപ്പർപോളറൈസേഷൻ ടെക്നിക്ക്സ് കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തുക. ഡോ. ബെനോ മീയർ ആണ് ആദിത്യയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്വിറ്റ്‌സർലൻഡിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഇ.പി.എഫ്.എല്ലുമായി സഹകരിച്ചാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒക്ടോബർ ഒന്നിന് ആദിത്യ ജ‌ർമനിയിലേക്ക് യാത്ര തിരിക്കും. ഇപ്പോഴുള്ള ഇടവേളയിൽ ഇരിട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ട്യൂഷനെടുക്കുകയാണ് ആദിത്യ. എടൂർ വെമ്പുഴ പാലത്തിന് സമീപം താമസിക്കുന്ന വലിയപറമ്പത്ത് മനോജിന്റെയും ലീനയുടെയും മകളാണ്. സഹോദരൻ അർജുൻ ഇന്ത്യൻ ആർമിയിൽ പൂനെയിലാണ്.

പഠനത്തിൽ പണ്ടേ മിടുക്കി

മുംബൈ സർവകലാശാലയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റമിക് എനർജിക്ക് കീഴിലുള്ള സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസിൽ നിന്ന് കെമിസ്ട്രിയിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഡിസ്റ്റിംഗ്ഷനോടെ പൂർത്തിയാക്കി. മാസ്റ്റർ തീസിസ് ജർമനിയിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിർവഹിച്ചു. പഠനത്തിന്റെ ഭാഗമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലും ജപ്പാനിലെ കാനസാവ യൂണിവേഴ്‌സിറ്റിയിലും ഗവേഷണ പഠനപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിൽ നിന്ന് പ്ലസ് ടുവും മുഴുവൻ എ പ്ലസോടെയാണ് വിജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FELLOWSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA