SignIn
Kerala Kaumudi Online
Monday, 13 July 2026 3.30 AM IST

കൂട്ട പിരിച്ചുവിടൽ: സംസ്ഥാനത്തിന് പരിമിതി, കേന്ദ്രം കനിയണം

aa

കൊച്ചി: കോറോ ഹെൽത്തിനെ പിൻതുടർന്ന് കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടാൽ ഇടപെടാനും നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരുകൾക്ക് പരിമിതകളേറെ. കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകളിലെ പഴുതുകളാണ് കമ്പനികൾ മുതലാക്കുന്നത്.

അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലെ 800 പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണ വിളിച്ചുചേർത്ത ചർച്ചയ്ക്ക് കമ്പനി എത്തിയില്ല. 20ന് നിശ്ചയിച്ചിരിക്കുന്ന ചർച്ചയിലും പങ്കെടുത്തില്ലെങ്കിൽ സർക്കാർ നിയമ നടപടിയിലേക്ക് നീങ്ങും. കോഡിലെ ചില വ്യവസ്ഥകൾ ലംഘിച്ചതാണ് സംസ്ഥാനത്തിന്റെ പിടിവള്ളി.

സംസ്ഥാന സർക്കാരിനെ അറിയിക്കാത്ത കൂട്ടപ്പിരിച്ചുവിടലെന്ന പഴുതാണ് കോറോ ജീവനക്കാർക്ക് അനുകൂലമായുള്ളത്. ലേബർ കോഡ് വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ചർച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമം. അടുത്ത ചർച്ചയിലും കമ്പനി വഴങ്ങുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാൻ സർക്കാരും തൊഴിലാളി സംഘടനകൾ കൂട്ടായും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ അവ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലത്തെ കോടതികൾ വഴി മാത്രമേ നിയമപരമായി നീങ്ങാൻ കഴിയുള്ളൂ.

ബഹുരാഷ്ട്ര കമ്പനികളിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണം പരിമിതമാണെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. കേന്ദ്ര സർക്കാരിനു മാത്രമേ കാര്യമായി ഇടപെടൻ കഴിയൂ.

ലേബർ കോഡിലെ

പിടിവള്ളി

300ലേറെ ജീവനക്കാരെ പിരിച്ചുവിടാൻ 90 ദിവസം മുമ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ച് അനുമതി വാങ്ങണം

തൊഴിലുടമയും ജീവനക്കാരുമായി ചർച്ച നടത്തി തീരുമാനമെടുക്കണം

കരാർ ജീവനക്കാർക്ക് മുൻകൂർ നോട്ടീസ് നൽകി സമ്മതം ഒപ്പിട്ടുവാങ്ങണം

ഏറ്റവും പുതിയ ജീവനക്കാരെ ഒഴിവാക്കി മുതിർന്നവരെ നിലനിറുത്തണം

ഒരു ഓഫീസ് പൂട്ടേണ്ടിവന്നാൽ ജീവനക്കാരെ മറ്റിടങ്ങളിൽ വിന്യസിക്കണം

മുഴുവൻ ശമ്പളവും നഷ്‌ടപരിഹാരവും പിരിച്ചുവിടുന്നവർക്ക് നൽകണം

``തൊഴിലാളികളെയല്ല, വ്യവസായത്തെ സംരക്ഷിക്കുന്നതാണ് തൊഴിൽ കോഡുകൾ. കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കാനാവില്ല. സംസ്ഥാനത്തിന് പരിമിതികൾ തടസമാകും.

-അഡ്വ. തമ്പാൻ തോമസ്

തൊഴിൽനിയമ വിദഗ്ദ്ധൻ

``അനുമതി വാങ്ങാതെ പിരിച്ചുവിട്ടെന്ന നിയമലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. ജീവനക്കാർക്കൊപ്പം ട്രേഡ് യൂണിനുകൾ പോരാടും.

-കെ.എൻ. ഗോപിനാഥ്

അഖിലേന്ത്യാ സെക്രട്ടറി

സി.ഐ.ടി.യു.

``നിലവിലെ തൊഴിൽനിയമങ്ങളാണ് നഗ്നമായി ലംഘിക്കപ്പെട്ടത്. സംസ്ഥാന സർക്കാർ കണിശമായ നടപടി സ്വീകരിക്കണം.``

-കെ.വി. മധുകുമാർ

സംസ്ഥാന ജനറൽ സെക്രട്ടറി

ബി.എം.എസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LABOUR CODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA