
തിരുവനന്തപുരം: നൂറ്റിയിരുപതോളം വീട്ടമ്മമാർ കെെ തുന്നലിലൂടെ തയ്യാറാക്കുന്ന എംബ്രോയ്ഡറി സാരികൾക്ക് വിദേശത്തും ഉത്തരേന്ത്യയിലും ആവശ്യക്കാരേറെ.
സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൂജപ്പുരയിലെ മുടവൻമുകൾ സ്വദേശിനി പേർളി മനോഹർ സ്ഥാപിച്ച 'അലിക്ക' യിലെ വസ്ത്രങ്ങളാണ് ചിത്രത്തുന്നലിന്റെ പ്രത്യേകതകളാൽ വ്യത്യസ്തമാകുന്നത്. 1930കളിൽ ക്രിസ്ത്യൻ മിഷണറിമാരിൽ നിന്ന് തുന്നൽ വിദ്യ പഠിച്ചെടുത്ത ഭർതൃമാതാവായ സോഫി സത്യസന്ധനാണ് പേർളിയുടെ ഗുരു. കണ്ണൂർ തലശ്ശേരിയിലായിരുന്ന പേർളി മകൾ ദീപ്തി വിവാഹിതയായി തലസ്ഥാനത്തെത്തിയതോടെയാണ് ഇവിടെ താമസമാക്കിയത്.
ചിത്രത്തുന്നലിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും സോഫി തയ്യലിനായി രചിച്ച 'നവീന തയ്യൽ സഹായി' എന്ന പുസ്തകവും കൈമുതലാക്കി പേർളി തുടങ്ങിയ ചെറിയ തയ്യൽക്കടയാണ് പിന്നീട് 'അലിക്ക' യായി മാറിയത്. ഇന്ന് കണ്ണൂർ,കോഴിക്കോട്,കൊച്ചി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിരവധി വനിതകളാണ് 'അലിക്ക' ക്കായി ജോലി ചെയ്യുന്നത്. സ്വന്തം വീടുകളിലിരുന്ന് എംബ്രോയ്ഡറികൾ സാരികളിലും കുർത്തകളിലും ആഡംബര വസ്ത്രങ്ങളിലും വച്ച് പിടിപ്പിക്കുകയാണ് ഈ വീട്ടമ്മമാർ. പേർളിയുടെ മേൽനോട്ടത്തിലാണ് ഇവർക്ക് പരിശീലനം നൽകിയത്.
പഠിക്കാൻ ഡോക്ടർമാരും
ചിത്രത്തുന്നലിന്റെ കലാമൂല്യവും പാരമ്പര്യവും ഉൾക്കൊണ്ട് തൊഴിൽ പഠിക്കാനും ആസ്വദിക്കാനും ഡോക്ടർമാർ മുതൽ അന്നന്നത്തെ അന്നത്തിനായി നട്ടംതിരിയുന്ന സ്ത്രീകൾ വരെയെത്തി. ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ച് മരുമകൻ ശരത്ത് കിരണും സ്ഥാപനത്തിന് കരുത്തായി പേർളിയുടെ കൂടെയുണ്ട്.
വീട്ടമ്മമാരുടെ സമ്പാദ്യം: 15,000 മുതൽ 30,000 രൂപവരെ
വൻതോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ: അമേരിക്ക, യു.കെ, ആസ്ട്രേലിയ, മലേഷ്യ, ശ്രീലങ്ക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |