
കൽപ്പറ്റ: വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ചുമരിൽ പുഞ്ചിരി തൂകുന്ന 52
കുട്ടികളുടെ ചിത്രങ്ങൾ. ഒപ്പം ഇങ്ങനെ കുറിപ്പും...
'2024 ജൂലായ് 30ന് രാവിലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ വീടുകളെയും മലകളെയും മാത്രമല്ല വിഴുങ്ങിയത്. സ്വപ്നങ്ങളും കൗതുകവുമായി ജീവിച്ച 52 കുരുന്ന് ജീവിതങ്ങളെയും. ഇവർ വെറും വിദ്യാർത്ഥികൾ മാത്രമായിരുന്നില്ല. വിരിയാൻ കാത്തിരുന്ന ഭാവികൾ, പറയാൻ കാത്തിരുന്ന കഥകൾ, നമ്മൾ കാണാൻ കാത്തിരുന്ന സന്തോഷങ്ങൾ.
ഓരോ ഫോട്ടോയും പാതിവഴിയിൽ നിന്നുപോയ ഒരു പ്രപഞ്ചമാണ്. ശബ്ദം നഷ്ടപ്പെട്ട ക്ലാസ് മുറി. ഒരിക്കലും തുറക്കാത്ത ബാഗ്. ഇനി കാണാൻ കഴിയാത്ത ചിരി. നൃത്തം ചെയ്ത കുട്ടി, ശാസ്ത്രത്തെ സ്‌നേഹിച്ച വിദ്യാർത്ഥി, മുത്തശ്ശിയെ സഹായിച്ച കുഞ്ഞ്. അവരുടെ സ്വപ്നങ്ങൾ ഇപ്പോൾ നിശബ്ദതയിൽ പ്രതിധ്വനിക്കുന്നു. പക്ഷേ അവരുടെ സാന്നിദ്ധ്യം കാണാത്തതാണെങ്കിലും നമ്മിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഈ ഭിത്തി ഒരു ഓർമ്മയായി മാത്രം അവശേഷിക്കരുത്. അവരെ നമ്മുടെ ഹൃദയത്തിൽ ചുമക്കുമെന്ന വാഗ്ദാനം കൂടിയാകട്ടെ...
മുണ്ടക്കൈ ഗവ. എൽ.പി സ്‌കൂൾ, വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ 52 കുട്ടികളാണ് ഓർമ്മച്ചിത്രങ്ങളിലൂടെ ജീവിക്കുന്നത്. ഒരു കുടുംബത്തിൽ നിന്ന് നഷ്ടപ്പെട്ട ഇഷാൻ, നിവേദ് , ധ്യാൻ എന്നിവരുടെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
സ്‌കൂളിലെ രജിസ്റ്ററിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ശേഖരിച്ച ചിത്രങ്ങളാണിവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |