
ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി E85, E100 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങൾ അവതരിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി വാഹന ഇന്ധന ചട്ടക്കൂടിൽ വലിയ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് അധികൃതർ.
രാജ്യത്ത് നൂതന എഥനോൾ അധിഷ്ഠിത ഇന്ധനങ്ങളുടെ ഉപയോഗം സാദ്ധ്യമാക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം റോഡ് ഗതാഗത റെയിൽവേ മന്ത്രാലയം പുറത്തിറക്കി. ഉയർന്ന എഥനോൾ പര്യാപ്തയുള്ള വാഹനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിലവിലെ E20 ബെഞ്ച്മാർക്കിനപ്പുറം വികസിപ്പിക്കാനനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. 85 ശതമാനം എഥനോൾ, പെട്രോൾ എന്നിവയുടെ മിശ്രിതമായ E85 ഇന്ധനം, വാഹനങ്ങൾ ശുദ്ധമായ എഥനോൾ ഉപയോഗിച്ച് ഓടിക്കാൻ അനുവദിക്കുന്ന E100 ഇന്ധനം എന്നിവയും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കരട് വിജ്ഞാപനത്തിൽ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് സർക്കാർ. ഇതിനുശേഷമായിരിക്കും അന്തിമതീരുമാനം കൈകൊള്ളുക.
പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതമായ E20 എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചത് 2025ലാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിതരണ തടസങ്ങൾക്കിടയിൽ വലിയ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇനി ഭാവിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കുന്നു.
കേന്ദ്രത്തിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) പദ്ധതി ഇതിനകം തന്നെ പ്രതിവർഷം ഏകദേശം 4.5 കോടി ബാരൽ അസംസ്കൃത എണ്ണ ലാഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നും വിദേശനാണ്യ ഒഴുക്ക് ഏകദേശം 1.65 ലക്ഷം കോടി രൂപ കുറച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പദ്ധതിക്ക് പോരായ്‌മകളുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. E10 ഇന്ധനത്തിനായി ആദ്യം രൂപകല്പന ചെയ്‌തതും എന്നാൽ E20നായി ക്രമീകരിച്ചതുമായ വാഹനങ്ങൾക്ക് മൈലേജിൽ ഒന്ന് മുതൽ രണ്ട് ശതമാനംവരെ കുറവ് ഉണ്ടാകാമെന്ന് നിതി ആയോഗ് റോഡ്മാപ്പിൽ അഭിപ്രായപ്പെടുന്നു.ഇക്കബൂ23 മാർച്ചിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങൾക്കാണ് ഇത് കൂടുതലും ബാധകമാവുക. ഇവയിൽ കൂടുതൽ വാഹനങ്ങളും E10 അനുയോജ്യമായി നിർമ്മിച്ചവയാണ്.
എന്നാൽ 2023 ഏപ്രിൽ മുതൽ നിർമ്മാതാക്കൾ E20 മെറ്റീരിയൽ അനുസൃതമായ വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത് ആശ്വാസകരമാണ്. 2025 ഏപ്രിൽ മുതൽ വിൽക്കുന്നവ പൂർണ്ണമായും E20 അനുയോജ്യമായവയാണെന്നാണ് നിഗമനം.
ഇന്ത്യ E20യ്ക്ക് അപ്പുറത്തേക്ക് നീങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വ്യവസായ സ്റ്റേക്ക് ഹോൾഡർമാർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാല കാര്യക്ഷമതയും മെയിന്റനൻസ് പ്രശ്നങ്ങളും ഒഴിവാക്കാൻ ഉയർന്ന മിശ്രിതങ്ങൾക്ക് സാങ്കേതിക നവീകരണങ്ങളും പുതിയ നയങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഓട്ടോമൊബൈൽ വ്യവസായവും പുതിയ പദ്ധതിയിൽ ഇടപെടൽ നടത്തുകയാണ്. ഇന്ധനക്ഷമതയിലെ നേരിയ ഇടിവ് നികത്താൻ E10, E20 ഇന്ധനങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകണമെന്ന് വ്യവസായ സംഘടനയായ എസ് ഐ എ എം ശുപാർശ ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |