SignIn
Kerala Kaumudi Online
Saturday, 13 June 2026 10.28 AM IST

ഇന്ധന വില കേട്ട് ഇനി പേടിക്കണ്ട: ടാറ്റയുടെ ആദ്യ ഫ്ലെക്‌സ്-ഫ്യുവൽ വാഹനം വിപണിയിലേക്ക്

tata

ന്യൂഡൽഹി: ആദ്യമായി ഫ്ലെക്‌സ്-ഫ്യുവൽ പാസഞ്ചർ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്. ഈ വർഷം അവസാനത്തോടെയോ 2027-ന്റെ തുടക്കത്തിലോ ടാറ്റ അവരുടെ ആദ്യത്തെ ഫ്‌ളെക്‌സ്-ഫ്യുവൽ മോഡൽ പുറത്തിറക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി ഏറ്റവും അനുയോജ്യമായ 'ടാറ്റ പഞ്ച്' ഫ്ലെക്‌സ്-ഫ്യുവൽ വേരിയന്റായി ആദ്യം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളും, എഥനോളും അല്ലെങ്കിൽ ഇവ രണ്ടിന്റെയും ഏത് അനുപാതത്തിലുള്ള മിശ്രിതവും ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്നവയാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ.

E85, E100 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഹനങ്ങൾക്ക് വേണ്ടിയുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ രാജ്യം പുതിയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ ഫ്ലെക്‌സ്-ഫ്യുവൽ വാഹനവുമായി ടാറ്റ രംഗത്തെത്തുന്നത്. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധികളും ആഗോള എണ്ണ വിപണിയിലെ അസന്തുലിതാവസ്ഥയും സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്. ഇന്ധനക്ഷാമവും വിലവർദ്ധനയും വാഹന ഉടമകളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങളുടെ പ്രസക്തി.

ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യത്തെ വാഹന നിർമാതാക്കളുടെ സംഘടനകളുമായി കേന്ദ്ര സർക്കാർ നിലവിൽ ചർച്ച നടത്തുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോൾ ഉപയോഗിച്ചാൽ കാർബൺ പുറന്തള്ളൽ കുറവായിരിക്കുമെന്നതാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങളുടെ പ്രധാന ആകർഷണം. സാധാരണ പെട്രോൾ എഞ്ചിനുകളെ അപേക്ഷിച്ച് എഥനോളിന്റെ തുരുമ്പെടുക്കാനുള്ള സ്വഭാവത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേക എഞ്ചിൻ, ഫ്യുവൽ പമ്പുകൾ, ഇൻജക്ടറുകൾ എന്നിവയാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.

2023 മുതൽ തങ്ങളുടെ പെട്രോൾ എഞ്ചിൻ പാസഞ്ചർ വാഹനങ്ങളെല്ലാം E20 ഇന്ധന ഉപയോഗത്തിന് യോജിച്ചവയാണെന്ന് ടാറ്റ അവകാശപ്പെടുന്നു. കഴിഞ്ഞവർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ ഫ്‌ളെക്‌സ്-ഫ്യുവൽ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയന്റുകൾക്കൊപ്പം പഞ്ചിന്റെ ഈ പതിപ്പും പ്രദർശിപ്പിച്ചത് കമ്പനിയുടെ മൾട്ടി-പവർട്രെയിൻ സമീപനം വ്യക്തമാക്കുന്നത് ഭാഗമായിട്ടായിരുന്നു. ഇലക്ട്രിക്, സി.എൻ.ജി, ഹൈഡ്രജൻ സാങ്കേതികവിദ്യകൾക്കൊപ്പം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ബ്രാൻഡിന്റെ മാറ്റത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, TATA MOTORS, NEW VEHICLE LAUNCH, FLEX FUEL VEHICLE, ECO FRIENDLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY