തൃശൂർ: ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയുടെയും നവജാത ശിശുവിന്റെയും മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറും മരിച്ച എടമുട്ടം സ്വദേശി ജ്യോതിയും(32) ഏറെനാളായി സൗഹൃദത്തിലായിരുന്നു. ഇവർ ഇടയ്‌ക്കിടെ ലോഡ്‌ജിൽ മുറിയെടുത്തിരുന്നതായും ജീവനക്കാർ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഇതേ ഓട്ടോഡ്രൈവർക്കെതിരെ ജ്യോതി പീഡനപരാതി നൽകിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ഓട്ടോഡ്രൈവർ യുവതിയെ ലോഡ്‌ജിലാക്കിയത്. പിന്നീട് വിളിച്ചിട്ട് ജ്യോതി ഫോണെടുക്കുന്നില്ലെന്ന് പറഞ്ഞാണ് ഇന്നലെ ഇയാൾ ലോഡ്‌ജിലെത്തിയത്. മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ ഇയാൾ ലോഡ്‌ജ് ജീവനക്കാരെ അറിയിച്ചു. ശേഷം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവരെത്തി വാതിൽ പൊളിച്ച് അകത്തുകടന്നു. യുവതി ഗർഭിണിയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ലോഡ്‌ജ് ജീവനക്കാർ പറയുന്നത്. ജ്യോതി വിവാഹമോചിതയാണ്. ഇരുവരുടെയും വീട്ടുകാരെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 27നാണ് ഇവർ ലോഡ്‌ജിലെ ഒന്നാം നിലയിലുള്ള 108-ാം നമ്പർ മുറിയെടുത്തത്. പ്രസവത്തിനിടെ മരിച്ച നിലയിലായിരുന്നു. കട്ടിലിലാണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സിറ്റി എസിപി എം ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ലോഡ്‌ജിൽ പരിശോധന നടത്തിയത്. രാത്രി വൈകിയും പരിശോധന തുടർന്നു. മൃതദേഹങ്ങൾ ഇപ്പോൾ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |