SignIn
Kerala Kaumudi Online
Friday, 03 July 2026 4.24 AM IST

അസാമിൽ നിന്ന് തൊഴിലാളികൾ മാത്രമല്ല സ്വർണം രഞ്ജിത്തും​ എത്തും,​ പ്രത്യേകതകളിവയാണ്

swarnam-
SWARNAM GOLD

എലപ്പുളളി: അസമിൽ നിന്ന് എത്തിയ അതിഥി പാലക്കാടൻ വയലേലകൾ പിടിച്ചടക്കാനൊരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കി വിജയകരമായി വിളവെടുപ്പ് നടത്തിയ സ്വർണ്ണം രഞ്ജിത് നെൽവിത്ത് ആണ് കൂടുതൽ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ഇരട്ടി വിളവ്, ഇരട്ടി പോഷക ഗുണം, ഉയർന്ന വില തുടങ്ങിയ പ്രത്യേകതകൾ കർഷകരെ ഈ വിത്തിന്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ്.


രോഗ പ്രതിരോധ ശേഷി കൂടുതൽ, ഉയർന്ന ഉദ്പാദന ക്ഷമത, പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള കഴിവ് എന്നീ ഘടകങ്ങൾ ഈ വിത്തിനെ മറ്റു വിത്തുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു. സ്വർണ്ണംരഞ്ജിത് നെൽവിത്ത് അസമിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ എലപ്പുള്ളി കൃഷി ഭവന്റെ കീഴിലുള്ള പാടശേഖരത്താണ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷണ കൃഷി നടത്തിയത്. 150 മുതൽ 155 ദിവസം വരെ മൂപ്പുള്ള വിത്തിനമാണിത്. സംസ്ഥാന സർക്കാറിന്റെ കർഷകോത്തമ അവാർഡ് നേടിയ എലപ്പുള്ളി അരയാക്കുളം രാമചന്ദ്രന്റെ 30 സെന്റ് കൃഷിയിടത്തിലായിരുന്നു പരീക്ഷണ കൃഷി. പരീക്ഷണം വൻ വിജയമായിരുന്നു. ഇതര വിത്തുകൾ കൃഷി ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വിളവാണ് ലഭിച്ചത്. ഔഷധ ഗുണമുള്ള നെല്ലായതിനാൽ ഉയർന്ന വില നൽകാൻ വ്യാപാരികൾ എത്തിയിരുന്നു. പക്ഷെ നെല്ല് വിൽക്കേണ്ടന്നു തീരുമാനിച്ച രാമചന്ദ്രൻ കൊയ്‌തെടുത്ത മുഴുവൻ നെല്ലും വിത്താക്കി മാറ്റി കൂടുതൽ കൃഷിയിടങ്ങളിൽ ഇത് കൃഷി ചെയ്യാനാണ് പദ്ധതിയിട്ടത്. കൃഷിഭവനും ഗ്രാമ പഞ്ചായത്തും പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഈ നെൽവിത്ത് ആവശ്യപ്പെട്ട് എലപ്പുള്ളിക്ക് അകത്തും പുറത്തുമുള്ള കർഷകർ കൃഷി ഭവനിലെത്തുന്നുണ്ട്. അസമിൽ നിന്ന് കൂടുതൽ വിത്തുകൾ ശേഖരിച്ച് കർഷകർക്ക് നൽകാൻ കഴിയുമോ എന്നതിന്റെ സാദ്ധ്യത ആരായുകയാണ് പഞ്ചായത്തും കൃഷി ഭവനും.


കൂടുതൽ വിളവ് കിട്ടുന്ന വിത്താണ് സ്വർണ്ണം രഞ്ജിത് നെൽവിത്ത്. വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കാനാകും.

-ബി.എസ്. വിനോദ് കുമാർ, എലപ്പുള്ളി കൃഷി ഓഫീസർ

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നെൽ വിത്ത് കൃഷിയിറക്കിയത്. വിജയകരമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇത് കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നടപടികൾ സ്വീകരിക്കും.

പി.സി.ബിജു, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRI, SWARNAM RANJITH SEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY