ആലപ്പുഴ: തിരുവോണത്തെ വരവേൽക്കാൻ നാട് ഉത്രാപ്പാച്ചിലിലാണ്.
അവസാനഘട്ട ഒരുക്കങ്ങൾക്കായി കടകൾ തോറും കയറിയിറങ്ങുകയാണ് ജനം. സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളത്തിനുള്ള പൂവ് സംഘടിപ്പിക്കാനുമൊക്കെയായി രാവിലെ മുതൽ ജനം നഗരത്തിലേക്ക് ഒഴുകിയെത്തി. ഓണവിപണിയുടെ ഏറ്റവും സജീവമായ ദിനമാണ് ഉത്രാടം. തിരക്ക് ഇനിയും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഉപ്പ് മുതൽ കർപ്പൂരം വരെ ലഭിക്കുന്ന മുല്ലയ്ക്കൽ തെരുവിലാണ് ഏറ്റവും വലിയ തിരക്ക്. പച്ചക്കറി, പലവ്യഞ്ജനം, പഴം, ഉപ്പേരി തുടങ്ങിയവ വാങ്ങാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്. സദ്യയ്ക്കുള്ള അവസാനവട്ട സാധനങ്ങൾ വാങ്ങാനുള്ള തിരക്കാണ് പ്രധാനം. സപ്ലൈകോ ഓണം ഫെയറുകളിലും കുടുംബശ്രീ വിപണനമേളകളിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പച്ചക്കറി കിറ്റുകളടക്കം ഒരുക്കിയുള്ള വഴിയോര വിൽപനയും സജീവമാണ്. പായസവില്പനയും ഉത്രാടത്തോടെ സജീവമായി. പാലട, അടപ്രഥമൻ തുടങ്ങിയ നാടൻ വിഭവങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. പൈനാപ്പിൾ, പപ്പായ, കാരറ്റ്, ചക്ക തുടങ്ങിയവ ഉപയോഗിച്ചുള്ള പായസങ്ങൾക്കും ആവശ്യക്കാരുണ്ട്. വീട്ടിൽ പായസം തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കും കുറവല്ല. വെളിച്ചെണ്ണ വില ഉയർന്നുനിൽക്കുന്നതിനാൽ ഉപ്പേരിക്ക് പൊള്ളുംവിലയാണ്. അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും പഴം, പച്ചക്കറി എന്നിവയ്ക്കും വില ഉയർന്നുനിൽക്കുന്നു. സപ്ലൈകോ ഓണം ഫെയറുകളിൽ ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, മട്ട അരി, കുറുവ അരി, പച്ചരി തുടങ്ങിയവ സബ്‌സിഡി നിരക്കിൽ ലഭ്യമാണ്. പൊതുവിപണിയേക്കാൾ 50 ശതമാനം വരെ വിലക്കുറവിലാണ് ഇവ ലഭിക്കുന്നത്.
തിരക്കില്ലാതെ എന്ത് ഓണം !
ഉത്രാടപ്പാച്ചിൽ നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചു. ജില്ലാകോടതി പാലം നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾക്ക് നഗരം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യം പ്രധാനപാതകളിലെ തിരക്ക് വർദ്ധിപ്പിച്ചു. ഇടറോഡുകളിലും വാഹനത്തിരക്ക് അനുഭവപ്പെട്ടു. വസ്ത്ര, ഗൃഹോപകരണ സ്ഥാപനങ്ങൾ വൻ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കിയതോടെ ഇവിടെയും തിരക്ക് ശക്തമായി. ഇത് ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. എന്തായാലും, എല്ലാ തിരക്കുകളും മാറ്റിവച്ച് നാളെ തിരുവേണം ആഘോഷമാക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ്
മലയാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |