കൊച്ചി: ഒരേ ബലിപീഠത്തിൽ ഏകീകൃത, ജനാഭിമുഖ കുർബാനകൾ ചൊല്ലാൻ അനുമതി നൽകിയ സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, മെത്രാപ്പോലീത്തൻ വികാരി ജോസഫ് പാംപ്ളാനി എന്നിവരുടെ സർക്കുലർ സഭാ അനുകൂല സംഘടനയായ കാത്തലിക് നസ്രാണി അസോസിയേഷൻ ഇന്ന് കത്തിക്കും.
ഇന്ന് രാവിലെ 11ന് കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുമ്പിലാണ് പ്രതിഷേധം. കുരിശുവര തിരുനാളിന് ഏകീകൃതരൂപം ആവശ്യപ്പെട്ട് പ്രതീകാത്മകമായി കുരിശ് വരച്ചും പ്രതിഷേധിക്കും.
ഏകീകൃത കുർബാന വിഷയത്തിൽ വിശ്വസികളെ വഞ്ചിച്ച മേജർ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും സ്ഥാനമൊഴിയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കുലർ മാർപ്പാപ്പയുടെ അധികാരത്തിൽ കൈകടത്തലാണ്.
അടിയന്തര സിനഡ് ചേർന്ന് സർക്കുലർ പിൻവലിക്കാൻ തയ്യാറാകണം. സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വൈദികരെ ഒളിഞ്ഞും തെളിഞ്ഞും ബിഷപ്പുമാർ സഹായിക്കുകയാണ്. വീതംവച്ചുള്ള സമവായകുർബാന വിശ്വാസികളിൽ അരക്ഷിതവസ്ഥ സൃഷ്ടിക്കും. ഒരേബലിപീഠത്തിൽ രണ്ടുതരം കുർബാന സഭാവിരുദ്ധമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അസോസിയേഷൻ യോഗത്തിൽ ചെയർമാൻ ഡോ. എം.പി ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, ട്രഷറർ പോൾസൺ കൂടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ ഉന്നതാധികാരസമിതി അംഗങ്ങളായ എം.ജെ. ജോസഫ്, അമൽ ചെറുതുരുത്തി, എം.എ. ജോർജ്, ബൈജു തച്ചിൽ, ഷിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചില്ല
കൊച്ചി: എറണാകുളം അതിരൂപതയിലെ പള്ളികളിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയും പുറപ്പെടുവിച്ച സർക്കുലർ ഭൂരിപക്ഷം ഇടവകകളിലും വായിച്ചിട്ടില്ല. ചിലയിടങ്ങളിൽ സർക്കുലർ കത്തിച്ചു. അതിരൂപതയിലെ 338പള്ളികളിൽ 326ലും സർക്കുലർ വായിച്ചില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.
ജോസഫ് പാംപ്ളാനി ഒപ്പിട്ട തീരുമാനങ്ങൾ നടപ്പാക്കാതെ സഭാനേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് മുന്നേറ്റം പ്രഖ്യാപിച്ചു. വസ്തുതകൾ മനസിലാക്കി അനുയോജ്യമായ തീരുമാനവും പരിഗണനയുമുണ്ടായാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സഭാനേതൃത്വത്തിൽ നിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |