
കൊച്ചി: വോട്ട് പിടിക്കാനുള്ള തന്ത്രവും പ്രചാരണവുമെല്ലാം പിന്നെ! സീറ്റിന്റെ കാര്യത്തിലാകാം ആദ്യം തീരുമാനം. ഇടതിലും വലതിലും എൻ.ഡി.എയിലും ഇതുതന്നെയാണ് ജില്ലയിലെ ഇപ്പോഴത്തെ പ്രശ്‌നം. സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് പുറമെ പ്രശ്‌നങ്ങളൊന്നും കാണാനില്ലെങ്കിലും അടിയൊഴുക്കുകൾ ശക്തം. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം സി.പി.എമ്മിൽ പടലപ്പിണക്കങ്ങൾക്ക് കാരണമായി.
സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ എ.ജി.ഉദയകുമാറിനെ മത്സരിപ്പിക്കാനായിരുന്നു പ്രാദേശിക ഘടകത്തിന് താത്പര്യം. അല്ലെങ്കിൽ കൊച്ചി മുൻമേയർ അഡ്വ.എം.അനിൽകുമാർ. സാദ്ധ്യതാപട്ടിക തയ്യാറാക്കുമ്പോഴും ഈ പേരുകൾക്കായിരുന്നു മുൻഗണന. സ്വതന്ത്രരെ മത്സരിപ്പിച്ചുള്ള പരീക്ഷണം ഇത്തവണ വേണ്ടെന്നുള്ള തീരുമാനത്തെ തുടർന്നായിരുന്നു ഇത്. പക്ഷേ, പട്ടിക വന്നപ്പോൾ സ്ഥാനാർത്ഥിയായത് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ അഡ്വ.പുഷ്പദാസ്. ഇതിനെതിരെ തുടക്കം മുതൽ തൃക്കാക്കരയിൽ പ്രശ്‌നങ്ങളുയർന്നു. ഒരുവിഭാഗം അണികൾ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നാണ് സൂചന. ഒരു വിഭാഗം സി.പി.എം വിട്ട് സി.പി.ഐയിലേക്ക് ചേക്കേറുമെന്നും വിവരങ്ങളുണ്ട്. ആദ്യഘട്ടത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് അണികൾ കുറവായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ട്വന്റി- 20 പ്രശ്‌നത്തിൽ എൻ.ഡി.എ
ജില്ലയിലെ 14ൽ ഒൻപത് സീറ്റും ട്വന്റി-20ക്ക് നൽകിയതിനെതിരെ നേരത്തേ മുതൽ ബി.ജെ.പിയിൽ അമർഷമുയർന്നിരുന്നു. ഇതിനിടെയാണ് സിനിമാ- സീരിയൽ താരങ്ങളെ രംഗത്തിറക്കിയുള്ള നീക്കം. അപ്രസക്തരും കാര്യമായ ജനപിന്തുണയില്ലാത്തവരുമായ താരങ്ങളെയാണ് കളത്തിലിറക്കിയതെന്ന ആക്ഷേപം ബി.ജെ.പി ക്യാമ്പിൽ ശക്തമാണ്. പെരുമ്പാവൂരിൽ പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലാത്തതും തിരിച്ചടിയായി. ഒരു മുന്നൊരുക്കവുമില്ലാതെയാണ് ട്വന്റി- 20 സ്ഥാനാർത്ഥികളെ നിർത്തിയതെന്നാണ് ആരോപണം. തൃക്കാക്കരയിലെ അഖിൽ മാരാരുടെ സ്ഥാനാർത്ഥിത്വത്തോടും തൃപ്പൂണിത്തുറയിലെ അഞ്ജലി നായരുടെ സ്ഥാനാർത്ഥിത്വത്തോടും പ്രവർത്തകർക്ക് വിയോജിപ്പുകളേറെ.
കോൺഗ്രസ് കലഹം മുന്നണിക്ക് തലവേദന
കൊച്ചി, പെരുമ്പാവൂർ സീറ്റുകളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിലെ തമ്മിലടി യു.ഡി.എഫിന് തലവേദനയായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായത്. മൂന്നിടങ്ങളിലെയും അണികളിൽ ഇതുണ്ടാക്കിയ അമർഷം ചെറുതല്ല. കൊച്ചിയിൽ ദീപ്തി മേരി വർഗീസും മുഹമ്മദ് ഷിയാസും തമ്മിൽ സീറ്റിനുവേണ്ടിയുള്ള പിടിവലിയായിരുന്നെങ്കിൽ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വമായിരുന്നു പ്രശ്‌നം. കരുത്തുകാട്ടാൻ തെരുവിൽ പ്രകടനം വരെ നടത്തിയ എൽദോസിന്റെ നിലപാടും ചർച്ചയാകുമെന്നുറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |