
ചേരാനല്ലൂർ ക്ഷേത്രപരിസരത്ത് പരിഭ്രാന്തി
കൊച്ചി: പറയെടുപ്പ് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിന്റെ ഹോണടി കേട്ട് ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പാപ്പാനെ പിൻകാൽ കൊണ്ട് തട്ടിയിട്ട ശേഷം സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്കായിരുന്നു കൊമ്പന്റെ ഓട്ടം.
ചേരാനല്ലൂർ ഇടയക്കുന്നം പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ആറു ദിവസം മുമ്പ് തുടങ്ങിയ ഉത്സവത്തിൽ പറയ്ക്കെഴുന്നള്ളുന്നത് തൃപ്പൂണിത്തുറയിലെ പൂർണശ്രീ കൊച്ചയ്യപ്പൻ എന്ന ആനയാണ്. ഇന്നലെ പറയെടുപ്പിന് പുറപ്പെട്ട് പരിസരത്തെ വീടുകളിൽ പറയെടുത്ത് മടങ്ങവെ വൈകിട്ട് 6ന് പാർത്ഥസാരഥി ക്ഷേത്രത്തിന് 200 മീറ്റർ മാറി കലുങ്ക് ഭാഗത്ത് വച്ചാണ് വിരണ്ടത്. ഈ സമയം ഇതുവഴി പോയ വാഹനങ്ങളിലൊന്ന് ഉച്ചത്തിൽ ഹോൺ മുഴക്കിയത് ആനയെ പ്രകോപിച്ചു. പിന്നിൽ വന്ന ഒന്നാംപാപ്പാൻ സിദ്ധാർത്ഥിനെ പിൻകാല് കൊണ്ട് തട്ടിയിട്ടു. തുടർന്ന് തൊട്ടടുത്ത പറമ്പിലേക്ക് ഓടിക്കയറി. ഈ പറമ്പിലാണ് കഴിഞ്ഞദിവസങ്ങളിൽ ആനയെ തളച്ചിരുന്നത്.
ഇതിനിടെ ഉത്സവത്തിന് ആന വിരണ്ടെന്ന വാർത്ത പ്രചരിച്ചതോടെ ആൾക്കാർ തടിച്ചുകൂടി. ചേരാനല്ലൂർ പ്രിൻസിപ്പൽ എസ്.ഐ ജി. സുനിലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ മറ്റ് പാപ്പാൻമാർ ചേർന്ന് ആനയെ തളച്ചു. ഉടമ രാഹുലും സ്ഥലത്തെത്തി.
ഇന്ന് രാവിലെ ആറാട്ടോടെയാണ് ഉത്സവസമാപനം. ആനയുടെ പ്രഹരമേറ്റ് പാപ്പാൻ തെറിച്ചുവീണെന്ന പ്രചരണം ശരിയല്ലെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ആന വിരണ്ടോടുന്നതിനിടെ പാപ്പാന് വീണ് പരിക്കേറ്റതായാണ് വിശദീകരണം. പരിക്ക് സാരമുള്ളതല്ല. ആനയ്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റും ചിപ്പുമുണ്ടെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |