
കൊച്ചി: ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണി, എറണാകുളം ജില്ലയിൽ പ്രതീക്ഷ വയ്ക്കുന്നത് അഞ്ച് മണ്ഡലങ്ങളിൽ. ഇതിൽ മന്ത്രി പി. രാജീവ് മത്സരിച്ച കളമശേരിയിലും കെ.ജെ. മാക്സി കളത്തിലിറങ്ങിയ കൊച്ചിയിലും വിജയം ഉറപ്പു പറയുന്നു.
വൈപ്പിൻ, തൃപ്പൂണിത്തുറ, കോതമംഗലം എന്നിവയാണ് പ്രതീക്ഷയുള്ള മറ്റ് മണ്ഡലങ്ങൾ. ബൂത്തുതല വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളാണ് ഇടതിനൊപ്പം നിന്നത്. ഇതിൽ കുന്നത്തുനാട് നഷ്ടപ്പെട്ടേക്കാം. തൃപ്പൂണിത്തുറ ഇടത്തേക്ക് ചായുമെന്നും മുന്നണി ഉറപ്പിക്കുന്നു. 14 മണ്ഡലങ്ങളുള്ള ജില്ലയിൽ ഏഴിടത്ത് വിജയം നേടണമെന്നാണ് എൽ.ഡി.എഫ് ലക്ഷ്യം.
കൈപ്പമംഗലത്ത് നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ പറവൂരിലേക്ക് കൂടുമാറിയ ഇ.ടി. ടൈസണും കനത്ത പോളിംഗ് രേഖപ്പെടുത്തിയ കുന്നത്തുനാട്ടിൽ പി.വി. ശ്രീനിജിനും മികച്ച മത്സരം കാഴ്ചവച്ചെന്നും വിലയിരുത്തുന്നു.
എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ വിജയത്തിന് നിർണായകമാകും. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ കളത്തിലിറങ്ങിയ മൂവാറ്റുപുഴ, കേരള കോൺഗ്രസ് മണ്ഡലങ്ങളായ പെരുമ്പാവൂർ, പിറവം, മുൻ എം.എൽ.എ. സാജു പോൾ മത്സരിച്ച അങ്കമാലി എന്നിവിടങ്ങളിലും എൽ.ഡി.എഫിന് ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെന്നും മുന്നണി വിലയിരുത്തുന്നു.
2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വി.ഡി. സതീശൻ വിജയിച്ചത്. 1,57,481 പേരാണ് അന്ന് വോട്ട് ചെയ്തത്. 1,57,083 വോട്ടർമാരാണ് ഇക്കുറി പറവൂരിൽ സമ്മതിദാനം വിനിയോഗിച്ചത്. ഇ.ടി. ടൈസൺ നിഷ്പക്ഷ വോട്ടുകളടക്കം നേടിയിട്ടുണ്ടെന്ന് പറയുന്ന നേതൃത്വം, പ്രതിപക്ഷ നേതാവിന്റെ ഭൂരിപക്ഷം കുറയുമെന്ന കണക്കുകൂട്ടലിലാണ്.
ട്വന്റി20 എൻ.ഡി.എ. പാളയത്തിൽ എത്തിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ കുന്നത്തുനാട്ടിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. 2021ൽ 1,54,359 പേരാണ് കുന്നത്തുനാട്ടിൽ വോട്ട് ചെയ്തത്. ഇക്കുറി ഇത് 1,58,339 പേരായി ഉയർന്നു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ എം.ബി. ഷൈനി മത്സരിക്കുന്ന വൈപ്പിനിലും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും ആന്റണി ജോൺ മത്സരിക്കുന്ന കോതമംഗലത്തും വിജയം ചെറിയ മാർജിനിലായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
ജില്ല മാറിയെത്തിയ എ.എം. ആരിഫിന് ആലുവയിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പദാസിന് തൃക്കാക്കരയിലും നല്ല മത്സരം കാഴ്ചവയ്ക്കാൻ സാധിച്ചെങ്കിലും വിജയപ്രതീക്ഷയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |