
കേരളത്തിന് ആശ്വാസമാകും
കൊച്ചി: തമിഴ്നാട്ടിലെ ഭരണകക്ഷി എം.എൽ.എ ജഗന്നാഥ മിശ്ര മുന്നോട്ടുവച്ച നിർദ്ദേശം നടപ്പായാൽ കേരളവും തമിഴ്നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് പ്രായോഗിക പരിഹാരമായേക്കും. അണക്കെട്ടിലെ വെള്ളം പൂർണമായും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാമെന്നാണ് മിശ്ര പറയുന്നത്. അണക്കെട്ട് പൂർണശേഷിയിൽ നിറച്ചു നിറുത്തുന്ന നിലവിലെ അവസ്ഥ ഒഴിവാകും. ജലനിരപ്പ് ഉയർത്തരുതെന്ന കേരളത്തിന്റെ നിലപാടുമായി ഒത്തുപോകുന്നതാണ് ഈ നിർദ്ദേശം.
മുഴുവൻ ജലവും തമിഴ്നാട് കൊണ്ടുപോകണമെന്നുതന്നെയാണ് കേരളം എല്ലാകാലത്തും ആവശ്യപ്പെട്ടിട്ടുള്ളത്. അണക്കെട്ട് നിറച്ചുനിറുത്തുക, ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം കൊണ്ടുപോവുക എന്നതായിരുന്നു തർക്കം തുടങ്ങിയ 1995 മുതൽ തമിഴ്നാട്ടിൽ മാറിമാറി ഭരിച്ച ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെ സർക്കാരുകളുടെ നിലപാട്. ബലക്ഷയം സംഭവിച്ച അണക്കെട്ടിലെ സംഭരണശേഷി 120 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഗോദയിൽ തേനി, മധുര, രാമനാഥപുരം, ദിണ്ടിഗൽ, ശിവഗംഗ തുടങ്ങിയ തെക്കൻജില്ലകളിൽ മുല്ലപ്പെരിയാറും മംഗളാദേവി ക്ഷേത്രവും മുഖ്യവിഷയമായിരുന്നു. ഈ അഞ്ച് ജില്ലകളിലെയും 29 മണ്ഡലങ്ങളിൽ 16 ഇടത്തും ടി.വി.കെയാണ് വിജയിച്ചത്. അതോടെ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിക്കാൻ അവർ നിർബന്ധിതരുമായി. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കമ്പം എം.എൽ.എയുടെ പ്രതികരണം.
ടി.വി.കെ എം.എൽ.എ പറഞ്ഞത്
''അണക്കെട്ടിലെ മുഴുവൻ ജലവും തമിഴ്നാടിന് അവകാശപ്പെട്ടതാണ്. അതിന്റെ പേരിൽ രാഷ്ട്രീയം തിരുകിക്കയറ്റി ഇരുസംസ്ഥാനത്തെയും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ആരും ശ്രമിക്കരുത്. മഴക്കാലത്ത് സംഭരണശേഷി കവിഞ്ഞ് അധികജലം അറബിക്കടലിലേക്ക് ഒഴുകിപോക്കുന്ന സാഹചര്യം ഒഴിവാക്കണം.വർഷത്തിൽ ശരാശരി അഞ്ചു തവണ ഈ രീതിയിൽ ജലം പാഴാകുന്നുണ്ട്. ഈ കാര്യങ്ങൾ മുഖ്യമന്ത്രി വിജയുമായി സംസാരിച്ചു,""
സമവായമാണ് പോംവഴി
1886ലെ പാട്ടക്കരാർ അനുസരിച്ച് ഇരുകക്ഷികൾക്കുമിടയിൽ തർക്കമുണ്ടായാൽ ആർബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടത്. 1942ൽ സർ സി.പി. രാമസ്വാമി അയ്യർ ദിവാൻ ആയിരുന്ന കാലത്ത് ആർബിട്രേഷനിലൂടെ തർക്കം പരിഹരിച്ച ചരിത്രവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |