
ഹാർബറുകളിൽ കർശന നിയന്ത്രണം സൗജന്യ റേഷൻ നൽകും
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ഹാർബറുകളിലെ ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാനും മണ്ണെണ്ണ, ഡീസൽ, പെട്രോൾ എന്നിവ ലഭ്യമാക്കുന്നതിനായി ബങ്ക് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകൾ മാത്രമേ ഉപയോഗിക്കാവൂ. അന്യസംസ്ഥാന ബോട്ടുകൾ ഇതിനുമുമ്പ് തീരം വിട്ടുപോകണം. നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ജില്ലാ സപ്ലൈ ഓഫീസർ മുഖേന സൗജന്യ റേഷൻ വിതരണം ചെയ്യും. ഈ കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് ഹാർബറുകളിലും മാർക്കറ്റുകളിലും കർശന പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ഇൻബോർഡ് വള്ളങ്ങളിൽ മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, തിരിച്ചറിയൽ രേഖകൾ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. അനുമതിയില്ലാത്ത വലകൾ ഉപയോഗിച്ച് അടിത്തട്ട് മത്സ്യബന്ധനം നടത്തി കിളിമീൻ, അരണ മീൻ മുതലായ ചെറുകിട മത്സ്യങ്ങളെയും മത്സ്യക്കുഞ്ഞുങ്ങളെയും നശിപ്പിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും.
ഫോർട്ടുകൊച്ചിയിലും വൈപ്പിനിലും മത്സ്യത്തൊഴിലാളികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. മുനമ്പം കേന്ദ്രീകരിച്ച് രണ്ട് 108 ആംബുലൻസുകൾ അനുവദിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ചെല്ലാനത്ത് കോസ്റ്റൽ പൊലീസിന്റെ ബോട്ടും മറൈൻ ആംബുലൻസും പ്രവർത്തനസജ്ജമാക്കും. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും മുനമ്പം കൺട്രോൾ റൂമിലും 10 പൊലീസ് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും.
വൈപ്പിൻ ഫിഷറീസ് സ്‌റ്റേഷനിൽ 24 മണിക്കൂറും കൺട്രോൾ റൂം (ഫോൺ: 04842502768, 9496007048) പ്രവർത്തിക്കും. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഫിഷറീസ് വകുപ്പ് ഡയറക്ടർ വി.ചെൽസാസിനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസ്.പി തുടങ്ങിയവർ പങ്കെടുത്തു. 9ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങളിലാണ് നിരോധനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |