SignIn
Kerala Kaumudi Online
Sunday, 12 July 2026 4.31 AM IST

ഹൗസ് ലിഫ്റ്റിംഗ് നിയന്ത്രിക്കാൻ നിയമമില്ല ചെയ്യുന്നതെല്ലാം അനധികൃതം

f

കൊച്ചി: ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് കെട്ടിടങ്ങൾ ഉയർത്തൽ, മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്ക് സംസ്ഥാനത്ത് വ്യക്തമായ മാനദണ്ഡങ്ങളില്ല. അല്പമൊന്നു പിഴച്ചാൽ വൻ ദുരന്തമായേക്കാവുന്ന പ്രവൃത്തിയാണ് ഹൗസ് ലിഫ്റ്റിംഗ്. സൈറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും സമീപവാസികൾക്കും ഇതൊരുപോലെ ഭീഷണിയാകുന്നു.

കഴിഞ്ഞദിവസം എറണാകുളം നഗരത്തിൽ ജാക്കിവച്ച് ഉയർത്താൻ ശ്രമിച്ച ഇരുനിലവീട് സമീപത്തെ മറ്റൊരു മൂന്നുനില കെട്ടിടത്തിലേക്ക് ചരിഞ്ഞ സംഭവത്തി​ൽ തലനാരി​ഴയ്‌ക്കാണ് ആളപായം ഒഴി​വായത്. മൂന്നുവർഷം മുമ്പ് കോഴിക്കോട് കുറ്റ്യാടിയിലും സമാനസംഭവം ഉണ്ടായി. സമീപകാലത്ത് ചെന്നൈ, ഡൽഹി, പഞ്ചാബ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ജാക്കി തെന്നിമാറിയ കെട്ടിടത്തിനടിയിൽപ്പെട്ട് ആളപായം ഉൾപ്പെടെ സംഭവിച്ചിട്ടുണ്ട്.

നിലവിലുള്ള കെട്ടി​ടം പ്ലാനിൽ ഭേദഗതിവരുത്തി പുതുക്കിപ്പണിയുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. എന്നാൽ അടിത്തറ ഉയർത്തലും സ്ഥാനമാറ്റവും ഈ ഗണത്തിൽ വരുന്നില്ല. അതുകൊണ്ടുതന്നെ സമീപത്തുള്ള മറ്റ് കെട്ടിടങ്ങളുടെയും അതിലെ താമസക്കാരുടെയും സുരക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങൾ ഒന്നുമില്ല.

പ്രളയത്തിനുശേഷം വ്യാപകമായി

2018ലെ പ്രളയത്തിന് ശേഷമാണ് വെള്ളം കയറുന്ന പ്രദേശങ്ങളിൽ വീടിന്റെ അടിത്തറ ഉയർത്തൽ വ്യാപകമായത്. ഹൈവേ നിർമ്മിച്ചപ്പോൾ കുഴിയിലായിപ്പോയ കെട്ടി​ടങ്ങളും റോഡ് നിരപ്പിലേക്ക് ഉയർത്തുന്നുണ്ട്. ആവശ്യക്കാർ വർദ്ധിച്ചതോടെ സംസ്ഥാനത്ത് 50ൽ അധികം ഏജൻസികൾ ഈ രംഗത്ത് പൊട്ടിമുളച്ചു. ഇതിൽ പലർക്കും വേണ്ടത്ര പരിജ്ഞാനവുമില്ല. ഇക്കാര്യത്തിൽ വ്യക്തമായ നിയമനിർമ്മാണം വേണമെന്ന് 2021 ഡിസംബർ 15ന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

ഹൈക്കോടതി നിർദ്ദേശം

കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വ്യവസ്ഥകളുടെ വ്യാഖ്യാനത്തിൽ സംശയമുണ്ടായാൽ അത് വ്യക്തമാക്കാനോ നിർദ്ദേശങ്ങൾ നൽകാനോ സർക്കാരിന് അധികാരമുണ്ട്. അതിനാൽ, ചട്ടത്തിൽ വ്യക്തത വരുത്തുകയോ ഉചിതമായ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.

കെട്ടിടങ്ങൾ ഉയർത്തുന്നതിന് മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ ഇത്തരം ജോലികൾക്ക് ആരും മുൻകൂർ അനുമതി വാങ്ങാറുമില്ല. നഗരത്തിൽ നിരവധി കെട്ടിടങ്ങൾ അടിത്തറ ഉയർത്തിയിട്ടുണ്ട്. എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്. ഉചിതമായ നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

വി.കെ. മിനിമോൾ, മേയർ

കെട്ടിടങ്ങൾ ഉയർത്തുന്നതിന് ആവശ്യമായ ജാക്കികളുടെ ഇനം, സാങ്കേതിക സവിശേഷതകൾ, ഭാരം വഹിക്കാനുള്ള ശേഷി എന്നിവ പ്രധാനമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന പലകമ്പനികൾക്കും ഹൗസ് ലിഫ്റ്റിംഗ് മേഖലയിൽ വേണ്ടത്ര പരിജ്ഞാനമില്ല.

- വികാസ് റാണ

ബിൽഡിംഗ് ലിഫ്റ്റിംഗ് വിദഗ്ദ്ധൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL