
കൊച്ചി: വൃദ്ധസദനങ്ങളിൽ മറവിരോഗം (ഡിമൻഷ്യ) വർദ്ധിക്കുന്നതിനാൽ പ്രത്യേക പരിശോധനയും കെയർ ഗിവർമാർക്ക് പരിശീലനവും നൽകാനൊരുങ്ങി സർക്കാർ. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സന്നദ്ധ സംഘടനയായ 'ഡിമൻഷ്യ ഇന്ത്യ അലയൻസ്' ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ആദ്യ ഘട്ടമായി കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട് ജില്ലകളിലെ 17 ഓൾഡ് ഏജ് ഹോമുകളിലെ 1065 പേരെ പരിശോധിച്ചതിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേർക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.
വകുപ്പിന്റെ കീഴിലുള്ള 17 ഗവൺമെന്റ് ഓൾഡ് ഏജ് ഹോമുകളിലായി 750ലധികം അന്തേവാസികളുണ്ട്. 199 സന്നദ്ധ സംഘടനകളുടെ വൃദ്ധസദനങ്ങളിലായി എണ്ണായിരത്തിലേറെ താമസക്കാരുണ്ട്. ഇവർക്ക് സമഗ്രമായ ഡിമൻഷ്യ കെയർ എത്തിക്കുകയാണ് ലക്ഷ്യം.
ഡെംക്ലിനിക് വഴി പിന്തുണ
1. മാനസികാരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഓരോ അന്തേവാസിക്കും 20 മിനിറ്റ് നീളുന്ന മെമ്മറി സ്ക്രീനിംഗ് പരിശോധന
2. ജീവനക്കാർക്ക് ഡിമൻഷ്യ കെയർ, പെരുമാറ്റ രീതികൾ കൈകാര്യം ചെയ്യൽ, ആശയവിനിമയം എന്നിവയിൽ പരിശീലനം
3. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കെയർഗിവർ സർട്ടിഫിക്കറ്റുകൾ
4. രോഗികൾക്ക് സംഘടനയുടെ ഓൺലൈൻ മെമ്മറി ക്ലിനിക് പ്ലാറ്റ്‌ഫോമായ 'ഡെംക്ലിനിക്' വഴി തുടർ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കും
5. മ്യൂസിക് തെറാപ്പി, ആരോമ തെറാപ്പി, കോഗ്നിറ്റീവ് സ്റ്റിമുലേഷൻ തെറാപ്പി തുടങ്ങിയ രീതികൾ ഉപയോഗിക്കും
വൃദ്ധസദനങ്ങളിലെ അഞ്ചിൽ ഒരാൾ ഡിമൻഷ്യ ബാധിതരാണ്. 90 ശതമാനം കേസുകളും കൃത്യമായി തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.
സുമിത് പി.ടി.
കേരള പ്രൊജക്ട് ലീഡ്
ഡിമൻഷ്യ ഇന്ത്യ അലയൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |