SignIn
Kerala Kaumudi Online
Sunday, 26 July 2026 3.34 AM IST

പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കുട്ടികൾക്ക് ലഹരി വിതരണം

drugs

കൊച്ചി: പോർട്ട് ട്രസ്റ്റിന്റെ ജീവനക്കാർ താമസിക്കുന്ന ഔദ്യോഗിക ക്വാർട്ടേഴ്സുകളിലെ ചില വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നതായി എക്സൈസിന് വിവരം. വെല്ലിംഗ്ടൺ ഐലൻഡിൽ കേന്ദ്രീയവിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടസമുച്ചയത്തിലെ നാല് ക്വാർട്ടേഴ്സുകളാണ് ലഹരി ഇടപാടിന് നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച വൈകിട്ട് രണ്ട് ക്വാർട്ടേഴ്സുകളിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിന്റെ റെയ്ഡിൽ പിടിയിലായ യുവാവിനെ കഞ്ചാവിന്റെ അളവ് കുറവായതിനാൽ കേസെടുത്ത് സ്റ്റേഷൻ ജാമ്യം വിട്ടയച്ചെങ്കിലും ലഹരി വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് സംശയിക്കുന്നു.

നിരീക്ഷണത്തിലുള്ള ക്വാർട്ടേഴ്സുകളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുൾപ്പെടെ നിരന്തരം സന്ദർശകരാണ്. രാത്രിയും പകലും വാഹനങ്ങളിൽ ആൾക്കാരെത്തുന്നുണ്ട്. ഒരാഴ്ച മുമ്പ് ചെറുപൊതി കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവിൽ നിന്നാണ് പോർട്ട് ട്രസ്റ്റിന്റെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരി വിതരണം നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്നുള്ള നിരീക്ഷണത്തിനൊടുവിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്.

യുവാക്കൾ നിരീക്ഷണത്തിൽ

ക്വാർട്ടേഴ്സിൽ നിന്ന് പിടിയിലായ യുവാവിന്റെ മാതാവ് പോർട്ട് ട്രസ്റ്റിൽ ജീവനക്കാരിയാണ്. റെയ്ഡ് നടക്കുമ്പോൾ മാതാവും വീട്ടിലുണ്ടായിരുന്നു. 5 ഗ്രാം കഞ്ചാവ് അടങ്ങുന്ന സിപ്-ലോക്ക് കവർ മാത്രമാണ് ഇവിടെ നിന്ന് കിട്ടിയത്. എന്നാൽ, രാസലഹരി നിറയ്ക്കാൻ സാധിക്കുന്ന നിരവധി കവറുകൾ പിടിച്ചെടുത്തു. തറയിലും മറ്റുമായി കഞ്ചാവ് തരികൾ ചിതറിയിരുന്നു. ചെറുകവറുകളിലാക്കി ലഹരി വിതരണം സജീവമാണെന്നാണ് സൂചന. ഇയാളെ കച്ചേരിപ്പടി എക്സൈസ് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തുടർന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകവെ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

100 കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പോർട്ട് ട്രസ്റ്റ് കെട്ടിടസമുച്ചയത്തിലെ ഏതാനും ചില ക്വാർട്ടേഴ്സുകളിൽ മാത്രമാണ് ലഹരിവിതരണം. നിരീക്ഷണത്തിലുള്ള മറ്റൊരു യുവാവിന്റെ മാതാപിതാക്കളും സഹോദരരും പോർട്ട് ട്രസ്റ്റിലെ ജീവനക്കാരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL