
കൊച്ചി: ലഹരി ആവശ്യമുള്ളവരുമായി നേരിട്ട് ഇടപെടാതെ മയക്കുമരുന്ന് ഇട്ടുകൊടുക്കുന്ന പുതിയ 'ഷാഡോ ഡ്രോപ്പ് ’ രീതിയിലൂടെ രാസലഹരി വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ലഹരിവിതരണത്തിലെ മദ്ധ്യകേരളത്തിലെ പ്രധാന കണ്ണി തൃശൂർ ഒല്ലൂക്കര നെല്ലിക്കുന്നുതുറ വടക്കേപുരക്കൽ വീട്ടിൽ അഞ്ജൽ (24) ആണ് ലക്ഷങ്ങൾ വിലമതിക്കുന്ന 55.734 ഗ്രാം എം.ഡി.എം.എ സഹിതം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.
വൈറ്റില -ഇടപ്പള്ളി ബൈപ്പാസ് റോഡിൽ നിന്ന് എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.എസ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണക്കാല വിതരണം ലക്ഷ്യമിട്ടാണ് ലഹരിയുമായി എത്തിയത്.
രാസലഹരി കേസിൽ കളമശേരി പൊലീസിന്റെ പിടിയിലായി റിമാൻഡിലായിരുന്ന അഞ്ജൽ രണ്ട് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കഞ്ചാവുമായി രണ്ട് തവണ പിടിയിലായിട്ടുണ്ട്. മദ്ധ്യകേരളത്തിൽ ഇയാൾക്കൊപ്പം രാസലഹരി വിതരണം ചെയ്യുന്ന കൊച്ചി സ്വദേശി ബിനു, പത്തനംതിട്ട സ്വദേശി ഷാരൂഖ് എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു.
ചാരനല്ലെന്ന് ഉറപ്പിച്ചതിന് ശേഷം കൈമാറ്റം
നേരിട്ട് കൂടിക്കാഴ്ച നടത്തുകയോ പണം കൈമാറുകയോ ചെയ്യാതെ വളരെ സൂത്രത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് 'ഷാഡോ ഡ്രോപ്പ് ’. ഈ സംവിധാനത്തിൽ ലഹരി വാങ്ങാൻ എത്തുന്നയാളെ പലതവണ നിരീക്ഷിച്ച ശേഷം മാത്രമാണ് സാധനം ഇട്ടുകൊടുക്കുക. ആദ്യം ഒരു ലൊക്കേഷനിൽ എത്താൻ ആവശ്യപ്പെടും. 'കസ്റ്റമറെ' ദൂരെ നിന്ന് നിരീക്ഷിച്ച് മറ്റാരും കൂടെയില്ലെന്ന് ഉറപ്പാക്കും. ഇതേ നിരീക്ഷണം രണ്ടോ മൂന്നോ തവണ ആവർത്തിക്കും. പൊലീസിന്റെയും എക്സൈസിന്റെയും ചാരനല്ലെന്ന് ഉറപ്പാക്കിയ ശേഷം ലഹരി ഇട്ടു കൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |