SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

വ​ടാ​ട്ടു​പാ​റ​യി​ൽ​ ​ വാ​ന​ര​വി​ള​യാ​ട്ടം

monkey

കോതമംഗലം: വടാട്ടുപാറയിൽ വീട് വളഞ്ഞ് വാനരക്കൂട്ടം. പലവൻപടിയിൽ കൊപ്പാറത്തെക്കേതിൽ ശ്രീകുമാറിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാവിലെ ഏഴുമണിയോടെയെത്തിയ കുരങ്ങുകൾ മണിക്കൂറുകളോളമാണ് അഴിഞ്ഞാടിയത്. കുഞ്ഞുങ്ങളുൾപ്പടെ പതിനഞ്ചോളം കുരങ്ങുകളുടെ കൂട്ടമാണ് ശ്രീകുമാറിന്റെ വീട്ടിൽ ആധിപത്യം സ്ഥാപിച്ചത്. ആക്രമണം ഭയന്ന് വീട്ടുകാർ പുറത്ത് പോകേണ്ടിവന്നു. വീടിനകത്തും പുറത്തും പരിസരങ്ങളിലുമെല്ലാം കുരങ്ങുകൾ നാശംവരുത്തി. മുകൾനിലയിലാണ് കൂടുതൽ നഷ്ടംവരുത്തിയത്. മുമ്പ് നടത്തിയിരുന്ന കടയിലെ സാധനസാമഗ്രികൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. പലചരക്കുസാധനങ്ങളും വസ്ത്രങ്ങളും പൂജാസാമഗ്രികളും ഗ്യാസ് സ്റ്റൗവുമായി ബന്ധപ്പെട്ട സാമഗ്രികളുമെല്ലാം കുരങ്ങുകൾ നശിപ്പിച്ചവയിലുണ്ട്. അടുക്കിവച്ചിരുന്നവയെല്ലാം തട്ടി താഴെയിടുകയും വലിച്ചെറിയുകയും ചെയ്തു. വാട്ടർ ടാങ്കിനും കേടുപറ്റിയിട്ടുണ്ട്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ ഒരു വീട്ടിൽമാത്രം ഉണ്ടായിരിക്കുന്നത്. സമീപത്തെ മറ്റ് പല വീടുകളിലും കുരങ്ങുകളുടെ ശല്യം അനുഭവപ്പെട്ടു. തെങ്ങുകളിൽ നിന്ന് തേങ്ങയും മച്ചിങ്ങയും പറിച്ച് താഴെയിട്ടു. വിവിധ പഴങ്ങൾ തീറ്റയാക്കി.

തിരിഞ്ഞുനോക്കാതെ വനപാലകർ

വനത്തിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ശ്രീകുമാറിന്റെ വീട്. മണിക്കൂറുകളോളം വാനരക്കൂട്ടം അഴിഞ്ഞാട്ടം നടത്തിയിട്ടും വനപാലകർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. ഫോണിൽ ബന്ധപ്പെട്ടപ്പോഴൊക്കെ ഉടൻ വരും എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ആനകൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിലാണ് വടാട്ടുപാറക്കാരുടെ ജീവിതം. വനംവകുപ്പിൽനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.

ശ്രീകുമാറിന്റെ വീട്ടിൽ മാസങ്ങൾക്കുമുമ്പ് സമാനരീതിയിൽ കുരങ്ങ് ശല്യം ഉണ്ടായിരുന്നു. അൻപതിനായിരം രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. അക്ഷയകേന്ദ്രം വഴി അപേഷ നൽകിയാൽ നഷ്ടപരിഹാരം ലഭ്യമാക്കാമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. സ്ഥലത്തിന് പട്ടയം ഇല്ലെന്ന കാരണത്താൽ അപേക്ഷ സമർപ്പിക്കാൻപോലും ശ്രീകുമാറിന് കഴിഞ്ഞില്ല.

കുരങ്ങ് ശല്യത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണം. വനത്തിൽ നിന്ന് കുരങ്ങുകൾ ജനവാസമേഖലകളിലിറങ്ങുന്നതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ്. വീടുകൾക്കുള്ളിൽ പോലും സുരക്ഷയില്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം വേണം

ശ്രീകുമാർ

വീട്ടുടമ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL