
കൊച്ചി: ചിങ്ങവെയിൽ ഉദിച്ചതോടെ നാടെങ്ങും പൊന്നോണ വർണങ്ങൾ പെയ്തു തുടങ്ങി. തൃപ്പൂണിത്തുറ അത്തച്ചമയാഘോഷം പതിവിലും പൊടിപൂരമാക്കിയായിരുന്നു ചിങ്ങത്തിലേക്കുള്ള ചുവടുവയ്പ്പ്. കാഴ്ചകളും കച്ചവടവും മാത്രമല്ല, രുചിയരങ്ങുകളും ഓണത്തിന് ആവേശം പകരുന്നു. ന്യൂജെൻ ഉൾപ്പെടെ ഓണം വൈബിൽ!. ആഘാതങ്ങൾ മാത്രമല്ല, ചില തിരിച്ചറിവുകളും കൊവിഡ് കാലം സമ്മാനിച്ചതായി കച്ചവടക്കാർ പറയുന്നു. പൂവ് മുതൽ സദ്യവട്ടങ്ങൾ വരെ വാങ്ങാൻ തിരക്ക്. തമിഴ്‌നാട്ടിൽ നിന്നുള്ള പൂക്കൾക്ക് തീവിലയാണെങ്കിലും പലർക്കും പൊള്ളുന്നില്ല. തുമ്പപ്പൂവും അരിപ്പൂവും കദളിപ്പൂവും ചെത്തിയുമൊക്കെ കളമൊഴിഞ്ഞിട്ട് കാലങ്ങളായതിനാൽ വിപണിയിലെങ്ങും തമിഴക സുഗന്ധം. പല വർണങ്ങളിലുള്ള ജമന്തി, അരളി, റോസ, മുല്ല, പിച്ചി തുടങ്ങിയവ വഴിയോരങ്ങളിൽ നിറഞ്ഞു. വൈകിട്ട് ജോലികഴിഞ്ഞു മടങ്ങുന്നവരുടെ കൈകളിൽ 'പൂക്കിറ്റുകൾ".
പച്ചക്കറി മാർക്കറ്റുകളിലും ഓണക്കാഴ്ചകളുടെ സമൃദ്ധി. പൊള്ളാച്ചി, കോയമ്പത്തൂർ, കമ്പം, ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് ലോഡുകണക്കിനു പച്ചക്കറികളാണ് ദിവസവും എത്തുന്നത്.തനിനാടൻ പച്ചക്കറികൾക്കും കുറവില്ല. കേരളത്തിൽ വിളയുന്ന പാവയ്ക്ക, പയർ, വെള്ളരിക്ക, പടവലങ്ങ, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവ സുലഭം.
വസ്ത്രശാലകളിലും കച്ചവടം ഉഷാർ. പുതിയ തലമുറയ്ക്ക് സാരിയോട് താത്പര്യമില്ലെന്ന ധാരണ തെറ്റാണെന്ന് ബുടീക് ഉടമകൾ പറയുന്നു. ഓണാഘോഷത്തിന് ധാരാളം വിദേശികളും നഗരത്തിൽ എത്തിയിട്ടുണ്ട്.
മാവേലിയെ ഇങ്ങനെ
സ്നേഹിക്കരുത്!
ഓണം കൊഴുപ്പിക്കാൻ മാവേലിയും രംഗത്തിറങ്ങി. ഒന്നും രണ്ടുമല്ല. മല്ലന്മാരും കുടവയറന്മാരുമടക്കം ഒരുപാടുപേർ. അത്തച്ചമയത്തിന് പുലികൾക്കൊപ്പം ചാടിമറിഞ്ഞ ഇവർക്ക് വരുംദിവസങ്ങളിൽ തിരക്കേറും. പലർക്കും ബുക്കിംഗ് ആയിക്കഴിഞ്ഞു. ഒരുദിവസം പല പരിപാടികൾക്കു പങ്കെടുക്കേണ്ടിവരും. കാലം മാറിയെങ്കിലും, ജിമ്മൻ മവേലിയേക്കാൾ കുംഭയുടെ പ്രൗഢിയുള്ളവരെയാണ് സകലർക്കും ഇഷ്ടം. ബെൽറ്റിനു വഴങ്ങാത്ത കുടവയറാണെങ്കിൽ സംഘാടകർ റാഞ്ചും.
മാവേലിയാകാൻ യോഗമുള്ളവർക്ക് ഓരോ സീസണിലും 30 വേദികളിലെങ്കിലും പ്രത്യക്ഷപ്പെടേണ്ടിവരും. കൊച്ചുകൂട്ടുകാരുടെ സംശയങ്ങൾക്ക് മറുപടിപറയേണ്ടി വരുമെന്നതിനാൽ ഓണക്കഥകളും പുരാണവുമെല്ലാം അത്യാവശ്യം അറിഞ്ഞിരിക്കണം. മാജിക് അറിയാവുന്ന മാവേലിയുമുണ്ട്. ഇവർക്ക് ആരാധകരും വരുമാനവും കൂടുതലാണ്. സ്‌നേഹം കൂടുമ്പോൾ പലരും പായസം കുടിപ്പിക്കുന്നതാണ് വലിയൊരു ഭീഷണി.
ചമയങ്ങളുടെ വില കണക്കാക്കുമ്പോൾ വരുമാനം തികയുന്നില്ല. അത്തച്ചമയത്തിൽ തുടർച്ചയായി 15 വർഷം മാവേലിയായി. നിലവിൽ 30 ബുക്കിംഗ് ഉണ്ട്. മറ്റു ജില്ലകളിലും പോകാറുണ്ട്. കിരീടം, മെതിയടി, ഓലക്കുട, അരപ്പട്ട എന്നിവ സ്വന്തമായുണ്ട്. പ്രത്യേകം പണിയിക്കുകയായിരുന്നു. പലതരം കൊമ്പൻമീശകളും സ്റ്റോക്കുണ്ട്. മെതിയടി, ഒന്നാം മുണ്ട്, രണ്ടാം മുണ്ട്, കച്ചമുണ്ട്, നേരിയത്, ഓലക്കുട, വള, തള, മാല, ഓലക്കുട എന്നിങ്ങനെ മാവേലിക്ക് അലങ്കാരങ്ങളേറെയാണ്.
പത്മകുമാർ പാഴൂർമഠം
(34 വർഷമായി മാവേലിവേഷം കെട്ടുന്നു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |