
മൂന്നാർ: തലയാർ തേയില എസ്റ്റേറ്റിൽ പാമ്പൻ മലയിൽ കൂട്ടിൽ അകപ്പെട്ട കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടു. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് മൂന്നാർ റേഞ്ച് ഓഫീസർ ബിജു സോമന്റെ നേതൃത്വത്തിലുള്ള സംഘം കടുവയെ പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ടത്. അഞ്ചു വയസുള്ള ആൺകടുവ തിങ്കളാഴ്ച രാത്രിയാണ് പാമ്പൻ മല ഡിവിഷനിൽ ഏലത്തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. മൂന്നു മാസത്തിനകം പാമ്പൻമല, കോഫി സ്റ്റോർ, ചട്ട മൂന്നാർ മേഖലയിലുള്ള 21 പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശക്തമായ പ്രതിഷേധം ഉയർന്നതോടെ പാമ്പൻ മല ഭാഗത്ത് വനം വകുപ്പ് വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം കൂട് സ്ഥാപിച്ചത്. പിടിയിലായ കടുവയെ ദേവികുളം ആർ.ആർ.ടി ക്യാമ്പിലെത്തിച്ചു. അസി. വെറ്ററിനറി സർജൻ ഡോ. അനുരാജ്, ഡോ. സിദ്ധാർത്ഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടുവ ആരോഗ്യവാനാണെന്ന് കണ്ടെത്തി. പാമ്പൻ മല ഭാഗത്ത് കൂടുതൽ കടുവയോ, പുലിയോ ഉണ്ടോ എന്ന് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് മൂന്നാർ റെയിഞ്ച് ഓഫീസർ ബിജു സോമൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |