
പയ്യന്നൂർ: മണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥി ടി.ഐ.മധുസൂദനനെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് എൽ.ഡി.എഫ് ആരോപണം. യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്കായി കോത്തായിമുക്കിൽ നിർമ്മിക്കുന്ന തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് നിർമ്മാണം സി.പി.എം. തടസ്സപ്പെടുത്തിയെന്ന പ്രചാരണം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ആക്ഷേപമുന്നയിച്ചത്.
ഓഫീസ് നിർമ്മാണം തടസപ്പെടുത്തയെന്നത് വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നു എൽ.ഡി.എഫ്. പയ്യന്നൂർ മണ്ഡലം കമ്മറ്റി അറിയിച്ചു. പാർട്ടിക്ക് യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത കാര്യമാണ് ചില മാദ്ധ്യമങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി പ്രചരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ നടത്തുവാൻ പോകുന്ന വ്യാജ പ്രചരണങ്ങളുടെ റിഹേഴ്സലാണ് ഇപ്പോൾ നടക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.
സി.പി.എമ്മി ന്റെയോ എൽ.ഡി.എഫിന്റെയോ ഒരു പ്രവർത്തകനും തന്നെ ഭീഷണിപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്തിട്ടില്ലെന്ന് സ്ഥലമുടമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഉടമയുടെ രേഖാ മൂലമുള്ള അനുമതി ഇല്ലാതെ നിർമ്മാണം ആരംഭിച്ച ഓഫീസ് സ്വയം പൊളിച്ചു മാറ്റുകയായിരുന്നുവെന്നും എൽ.ഡി.എഫ് വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |