കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ മേയ് നാലിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ നാല് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിലും അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചാല ചിൻടെക്കിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലും നടക്കും.
രാവിലെ ആറിന് നിരീക്ഷകൻ, വരണാധികാരി/ഉപ വരണാധികാരി, സ്ഥാനാർത്ഥി/സ്ഥാനാർഥിയുടെ ഏജന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്‌ട്രോംഗ് റൂമുകൾ തുറന്നതിനു ശേഷം പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിച്ച് 30 മിനിറ്റുകൾക്ക് ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും.
ജില്ലയിലെ ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് ഒഴികെയുള്ള പോൾ ചെയ്ത മുഴുവൻ ഇ.വി.എം/ പോസ്റ്റൽ ബാലറ്റുകളും വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവിൽ ട്രഷറിയിൽ സൂക്ഷിച്ചുവരുന്ന ഇ.ടി.പി.ബി വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പായി വോട്ടെണ്ണൽ ഹാളിൽ എത്തിക്കും.
ഇ.വി.എം വോട്ടെണ്ണലിന് ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് മെഷീനുകളിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണും.
ഓരോ കൗണ്ടിംഗ് ടേബിളുകളും ബാരിക്കേഡ്, വയർ മെഷ് എന്നിവ ഉപയോഗിച്ച് വേർതിരിക്കും. ബാരിക്കേഡിന് പുറത്ത് നിന്ന് മാത്രം കൗണ്ടിംഗ് ഏജന്റുമാർക്ക് കൗണ്ടിംഗ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഇരിപ്പിടം സജ്ജീകരിക്കും.
ഇ.വി.എം കൗണ്ടിംഗ് ടേബിൾ 154
പോസ്റ്റൽ ബാലറ്റിന് 83
ജില്ലയിൽ ആകെ 154 ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് ടേബിളുകളും 83 പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റൗണ്ട് അടിസ്ഥാനത്തിലാണ് വോട്ടുകൾ എണ്ണുക. പോസ്റ്റൽ വോട്ടുകൾ എണ്ണുന്ന ഓരോ ടേബിളും ഒരോ എ.ആർ.ഒയുടെ നിയന്ത്രണത്തിൽ ആയിരിക്കും. വോട്ടെണ്ണലിന് 341 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 456 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 341 മൈക്രോ ഒബ്സർവർമാർ എന്നിവരെയാണ് നിയമിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ
നിരീക്ഷകൻ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരി, ഉപവരണാധികാരി, കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ, സ്ഥാനാർത്ഥി, ഇലക്ഷൻ ഏജന്റ് എന്നിവരൊഴികെ ആർക്കും കൗണ്ടിംഗ് ഹാളിനുള്ളിൽ പ്രവേശനമില്ല.
കർശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും ഏജന്റുമാരെയും കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ.
മൊബൈൽ ഫോൺ, ഐപാഡ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ സമാന ഇലക്ട്രോണിക് ഉപകരണങ്ങൾ, റെക്കോർഡിങ് ഉപകരണങ്ങൾ എന്നിവ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുപോകാൻ പാടില്ല. ആയുധങ്ങൾ, തീ പിടിപ്പിക്കാൻ സാധ്യതയുള്ള മറ്റ് വസ്തുക്കൾ എന്നിവയും കൊണ്ടുപോകാൻ പറ്റില്ല. വോട്ടെണ്ണൽ ദിവസം രാത്രി ഒൻപത് മണി വരെ രാഷ്ട്രീയപാർട്ടികൾക്ക് പ്രകടനവും മറ്റും നടത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |