SignIn
Kerala Kaumudi Online
Tuesday, 05 May 2026 7.08 PM IST

ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി മേഖലകൾക്ക് ഇടിത്തീയായി ഗ്യാസ് വിലവർദ്ധന

Increase Font Size Decrease Font Size Print Page
ph-1
പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ എം.ആർ.എ ബേക്കറിക്ക് മുന്നിൽ വച്ച ഗ്യാസ് സിലണ്ടറും കരിങ്കൊടിയും

കണ്ണൂർ: പൊതുവെ തളർന്നിരിക്കുന്ന ഹോട്ടൽ - റസ്റ്റോറന്റ് മേഖലയ്ക്ക് ഇരട്ടി പ്രഹരമായി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധന. ഇതോടെ സിലിൻഡറുകൾക്ക് ഒന്നിന് 1000 രൂപ അധികം നൽകണം. ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിൻഡറുകളുടെ വില കുത്തനെ ഉയരുന്നത്. നിലവിൽ പുതുക്കിയ നിരക്ക് പ്രകാരം 3017.50 രൂപയാണ് വാണിജ്യ സിലിൻഡറിന് നൽകേണ്ടിവരുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 200 രൂപയും വർദ്ധിപ്പിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു. വിലക്കയറ്റവും, ഉയർന്ന വാടകയും കൂലി വർദ്ധനവുമെല്ലാം കാരണം ഇതിനകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ട്. നിലവിലെ സിലിണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഹോട്ടലിന് ഒരുദിവസം ശരാശരി നാലു സിലിൻഡർ വരെ ഗ്യാസ് വേണം. ഇങ്ങനെ നാല് സിലിൻഡർ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകൾക്ക് ഒരു മാസം ഗ്യാസ് ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപ അധികം ചിലവ് വരും. പകുതി പാചകം ഗ്യാസിലും പകുതി വിറകടുപ്പിലുമായാണ് നിലവിലെ പലയിടത്തെയും പാചകം.

വിഭവങ്ങൾക്ക് വിലകൂടും

ചോറ്, കറി, ബിരിയാണി എന്നിവയുടെ പാചകം പൂർണമായും വിറകടുപ്പിലാണ്. ചായ, കോഫി എന്നിവ 50 ശതമാനം ഹോട്ടലുകളിലും നിർത്തി. എണ്ണക്കടികൾ ഉൾപ്പെടെയുള്ള പലഹാരങ്ങളുടെയും എണ്ണം വെട്ടിചുരുക്കി. ചൂടുവെള്ളം ചോദിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ നൽകാൻ സാധിക്കില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഗ്യാസ് വില വർദ്ധിപ്പിക്കുന്നതോടെ വിഭവങ്ങളുടെ വിലയിലും മാറ്റം വരുത്തേണ്ടി വരുമെന്ന് ഉടമകൾ പറഞ്ഞു.

സിലണ്ടറിൽ കരിങ്കൊടി വച്ച് പ്രതിഷേധം
പാചക വാതക സബ്‌സിഡി അനുവദിക്കുക, വിലനിയന്ത്രണം നടപ്പിലാക്കുക, ചെറുകിട യൂണിറ്രുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബേക്കറിക്ക് മുന്നിൽ ഗ്യാസ് സിലണ്ടറും കരിങ്കൊടിയും വച്ച് പ്രതിഷേധം. ഇന്നലെ വൈകീട്ട് നാല് മുതൽ ഇന്ന് കടയടക്കുന്നതുവരെ ബേക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

വില വർദ്ധന ഹോട്ടൽ റസ്റ്റോറന്റ് മേഖലയിലെ വ്യാപാരികൾക്ക് താങ്ങാൻ സാധിക്കാത്തതാണ്. ദിവസം അഞ്ച് സിലിൻഡർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ ജില്ലയിലുണ്ട്. ഉത്പാദന ചിലവ് വർദ്ധിക്കുമ്പോൾ ആനുപാതികമായ വില വർദ്ധനവ് വരുത്താതെ പ്രവർത്തിക്കാൻ സാധിക്കില്ല. നിലവിലെ സാഹചര്യം ആശങ്ക പരത്തുകയാണ് .

കെ.എൻ . ഭൂപേഷ്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്

വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനവ് ബേക്കറി മേഖലയിലും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട ബേക്കറി യൂണിറ്റുകൾ അടച്ചു പൂട്ടേണ്ടി വരും.

യു.പി ഷബിൻ കുമാർ, പ്രസിഡന്റ് , ബേക്കേഴ്സ് അസോസിയേഷൻ കേരള

TAGS: LOCAL NEWS, KANNUR, GAS PRICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.