SignIn
Kerala Kaumudi Online
Friday, 15 May 2026 10.03 PM IST

മഴയിങ്ങെത്തി: മഴക്കാലപൂർവ്വ ശുചീകരണം പാതിവഴിയിൽ

photo-1
കോർപ്പറേഷൻ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ ആനക്കുളം ശുചീകരിക്കുന്നു

കണ്ണൂർ: കാലവ‌ർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിൽ മഴക്കാല പൂ‌ർവ്വ ശുചീകരണം എങ്ങുമെത്തിയില്ല. സാധാരണ ഏപ്രിൽ മാസം ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ഇടയിൽ വേണ്ട വിധത്തിൽ നടന്നിട്ടില്ല.

കോർപ്പറേഷന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചിരുന്നു. പയ്യാമ്പലം ശ്മശാനം, കോർപറേഷൻ പരിധിയിലെ ജലസ്രോതസുകളായ ആനക്കുളം, വലിയ കുളം, ചെട്ടിയാർകുളം എന്നിവ ശുചീകരിക്കുകയുണ്ടായി. കുളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചവറുകളും 35 ഓളം കോർപറേഷൻ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ചേർന്നായിരുന്നു നീക്കം ചെയ്തത്.

എന്നാൽ നിലവിലെ ശുചീകരണ പ്രവൃത്തികൾ മെല്ലെപ്പോക്കിലാണ്. നഗരത്തിലെ ഓടകളൊന്നും തന്നെ ഇതുവരെ വൃത്തിയാക്കാൻ തുടങ്ങിയിട്ടില്ല. വിവിധ ഡിവിഷനുകളിൽ പ്രവൃത്തി ഇഴയുകയാണ്. ചിലയിടങ്ങളിൽ ആരംഭിച്ചിട്ടു പോലുമില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ജില്ലയിൽ പലയിടത്തും വേനൽമഴ ലഭിച്ചിട്ടുണ്ട്.

ജൂൺ ആദ്യവാരം കേരളത്തിൽ കാലവർഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനിടയിൽ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മഴക്കാലം തുടങ്ങുന്നതോടെ സ്ഥിതി ഗുരുതരമാകും.

മാലിന്യം നിറഞ്ഞ് ഓടകൾ
പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും നിരത്തുകളിലെയും കാടുതെളിക്കൽ, കൊതുകുനശീകരണം, ഓടതെളിക്കൽ തുടങ്ങിയ പ്രവൃത്തികളൊക്കെ തുടങ്ങേണ്ടതുണ്ട്. നഗരത്തിലെ ഓടകൾ ശുചീകരിക്കുന്ന പ്രവൃത്തികളൊന്നും കോർപറേഷൻ ആരംഭിച്ചിട്ടില്ല. എല്ലാവർഷവും മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കക്കാട് പുഴയിൽ ദിനംപ്രതി മാലിന്യം തള്ളുന്നുണ്ട്. ഇതൊന്നും നീക്കം ചെയ്തിട്ടില്ല. പടന്നത്തോടിന്റെ സ്ഥിതിയും മറിച്ചല്ല.

കഴിഞ്ഞവർഷം താഴെചൊവ്വ-കീഴുത്തള്ളി ബൈപാസിനരകിലെ വലിയ ഓടയിൽ മഴക്കാലപൂർവ ശുചീകരണം നടക്കാത്തതിനാൽ മഴക്കാലം കഴിയുന്നത് വരെ വീട്ടുപറമ്പിലും മുറ്റത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പ്രശ്നം രൂക്ഷമായപ്പോൾ അധികൃതർ മണ്ണുമാന്തി യന്ത്രവുമായെത്തി ഓട ശുചീകരിക്കുകയായിരുന്നു. വെറൽപനി, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തുടങ്ങിയവ ഓരോ വ‌ർഷം കഴിയും തോറും ജില്ലയിൽ വലിയ തോതിൽ വർദ്ധിക്കുകയാണ്.

റോഡുകളും ഭീഷണി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടാർ ഉത്പന്നങ്ങൾക്ക് 70 മുതൽ 90 ശതമാനം വരെ വർദ്ധനവുണ്ടായതിനാൽ ജില്ലയിലെ റോഡ് നിർമാണ പ്രവൃത്തികൾ പലതും നിലച്ചിരിക്കുകയാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ മഴയ്ക്ക് മുമ്പ് ടാറിംഗ് നടക്കില്ലെന്നാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ഭാരവാഹികൾ പറയുന്നത്. കുടിവെള്ള പൈപ്പിടാനും മറ്റും കൊത്തിപ്പൊളിച്ച റോഡുകളിൽ 50 ശതമാനവും ഇതുവരെ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡ് മഴ തുടങ്ങുന്നതോടെ വെള്ളക്കെട്ടായി മാറും. സർവീസ് റോഡുകളുടെ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല. കഴിഞ്ഞ കാലവർഷം സർവീസ് റോഡുകളിൽ വലിയ വെള്ളക്കെട്ടും ചെളിയും കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL