
ലണ്ടൻ: ലണ്ടനിലെ ബെഡ്ഫോർഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഒന്നിന്റെ ലോക്കോ പൈലറ്റ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് പോയ കോർബിയ, നോട്ടോമിംഗ് എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ പതിനൊന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. അമ്പതിലധികം പേർ നിസാര പരിക്കുകളോടെ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ റെയിൽവെ ട്രാക്കിന് സമാന്തരമായുള്ള റോഡിൽ പരിക്കേറ്റ നിരവധി പേർ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് സെന്റ് പാൻക്രസ് സ്റ്റേഷനിലേയ്ക്കും തിരിച്ചുമുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, റെയിൽവെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്ക അറിയിച്ച ആർഎംടി യൂണിയൻ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |