തളിപ്പറമ്പ്: തളിപ്പറമ്പിൽ വികസന പ്രവർത്തനങ്ങളുടെ പേരിൽ മുൻ എം.എൽ.എ എം.വി. ഗോവിന്ദനെതിരെ ആസൂത്രിതമായി നടത്തുന്ന കുപ്രചാരണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കെ. സന്തോഷ് ആവശ്യപ്പെട്ടു. നഗര സൗന്ദര്യവൽക്കരണം, ഹാപ്പിനെസ് സ്‌ക്വയർ, രാജരാജേശ്വര ക്ഷേത്ര കവാടവും അലങ്കാരവിളക്കും തുടങ്ങി നഗരമിന്നുവരെ കാണാത്ത വികസന പ്രവർത്തനങ്ങളാണ് എം.വി ഗോവിന്ദൻ നടപ്പാക്കിയത്.
എന്നാൽ ചിലർ തിരഞ്ഞെടുപ്പിന് മുന്നേതന്നെ ആസൂത്രിതമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിൽ 12 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ മൈലാട് സ്ഥാപിച്ച ലൈറ്റിൽ മാത്രമാണ് ഫണ്ട് വിവരം രേഖപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. ഇത് ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. സമാനമായിട്ടാണ് രാജരാജേശ്വര ക്ഷേത്രകവാടത്തിന്റെ പേരിലും കള്ളം പ്രചരിപ്പിക്കുന്നത്. 19ലക്ഷം രൂപ പലയിനങ്ങളിലുള്ള എസ്റ്റിമേറ്റ് തുകയാണ്. കവാടത്തിനും വൈദ്യുതീകരണത്തിനും വിനിയോഗിച്ചത് 9,98,730രൂപയാണെന്നും മറുപടിയിൽ വ്യക്തം. ഇതിൽതന്നെ 1.79ലക്ഷം രൂപ ജി.എസ്.ടിയാണ്.
സമാനമായി നേരത്തെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ പേരിലും നുണ പ്രചരിപ്പിക്കുന്നു. എം.എൽ.എ ഫണ്ട് മുഖേനയുള്ള പദ്ധതികൾ പൂർണമായും ഇ ടെൻഡർ മുഖാന്തിരം സുതാര്യമായാണ് നടപ്പാക്കുന്നത്. കളക്ടർക്ക് നൽകുന്ന ശുപാർശയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ നടത്തിപ്പും കളക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണ്. ആസൂത്രിതമായി ചിലർ നിരന്തരം കള്ളപ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും കള്ള വാർത്തകൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഏരിയാകമ്മിറ്റി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |