കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്നും അതിശക്തമായി തങ്ങൾ തിരിച്ചുവരുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ തങ്ങൾ തരണം ചെയ്തിട്ടുണ്ട്. അതിനാൽ ഒരുസംശയവും വേണ്ട; തങ്ങൾ കൂടതൽ ജനപിന്തുണയോടെ, കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇ.എം.എസ് മന്ദിരം ഉദ്ഘാടന ചടങ്ങിലും കല്യാശേരിയിൽ നായനാർ അനുസ്മരണ പൊതുയോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളെ എതിർക്കുന്നവർ, തങ്ങളുടെ പരാജയത്തിൽ വല്ലാതെ സന്തോഷിക്കേണ്ടതില്ല. നഷ്ടപ്പെട്ട ജനവിശ്വസം തിരിച്ചു പിടിക്കും. മാറ്റം ജനാധിപത്യത്തിന് നല്ലതെന്ന് ജനങ്ങൾ ചിന്തിച്ചു. അതാണ് എൽ.ഡി.എഫിന്റെ പരാജയത്തിന് ഇടയാക്കിയത്.
തങ്ങൾക്ക് ഒരുദ്ദേശ്യമേ ഉണ്ടായുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക. അതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങൾക്കും അനുഭവിക്കാൻ കഴിയുന്ന വികസന സ്വാദ് എത്തിക്കാനുള്ള നടപടികളാണ് എടുത്തത്. സർവതല സ്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. ഒരു പ്രദേശത്തും വികസനമെത്താതിരിക്കരുത്. 10 വർഷമായി കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞു. ഇതിന് തുടർച്ച ഉണ്ടാകണം. തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത് യു.ഡി.എഫ് സർക്കാരാണ്. ആ സർക്കാർ നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതെല്ലാം നടപ്പാക്കണം എന്താണ് തങ്ങളുടെ നിലപാട്. അങ്ങനെ നടപ്പാക്കുമ്പോൾ അത്തരം കാര്യങ്ങൾക്കെല്ലാം ക്രിയാത്മകമായ പിന്തുണയും നൽകും. എന്നാൽ നാടിന്റെ താൽപര്യത്തിനോ ജനങ്ങളുടെ അഭിലാഷത്തിനോ വിരുദ്ധമായ നടപടിയുണ്ടായാൽ അതിനെയെല്ലാം ശക്തമായി എതിർക്കും. വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അതിശക്തമായി എതിർക്കുന്ന പ്രതിപക്ഷമായി മാറുമെന്നും പിണറായി വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |