SignIn
Kerala Kaumudi Online
Friday, 19 June 2026 12.43 AM IST

ഒരു മാസം കൊണ്ടുതന്നെ യുഡിഎഫ് സർക്കാരിന്റെ യഥാർത്ഥ മുഖം വ്യക്തമായെന്ന് സിപിഎം

cpm

തിരുവനന്തപുരം ; യു,ഡി,എഫിന്റെ ഭരണം കേരളത്തെ പിറകോട്ടേക്ക് നയിക്കുന്നതാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പൂർത്തിയാവുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫ് നടത്തിയ ബദൽ നയങ്ങളെയാകെ തകർക്കുന്നതാണെന്ന് ധവളപത്രം വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ആഗോളവൽക്കരണ നയങ്ങൾ അതേപോലെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അവയ്‌ക്കെതിരായുള്ള വിമർശനങ്ങൾ പോലും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്. സ്വകാര്യവൽക്കരണത്തിന്റെ അജണ്ടയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിനുള്ള നയപരിപാടികളാണ് അതിലുള്ളത് എന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത പത്ത് വർഷമാണ് കേരളം കടന്നുപോയത്. എന്നാൽ, വർഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജനഗണമന ഒഴിവാക്കി വന്ദേമാതരത്തെ പ്രതിഷ്ഠിച്ചതിലൂടെ ഇക്കാര്യം വ്യക്തമാണ്. മഹാത്മാ ഗാന്ധിജിയുടെ പേരിലുള്ള സർവകലാശാലയിൽ ആർഎസ്എസ് സംഘടനാ നേതാവിനെ വൈസ് ചാൻസിലറായും, സെനറ്റിൽ 19 ആർഎസ്എസുകാരെ ഗവർണ്ണർ നോമിനേറ്റ് ചെയ്തിട്ടും യുഡിഎഫിന് മിണ്ടാട്ടമില്ലാത്തത് ത്രഞ്ഞെടുപ്പലുണ്ടാക്കിയ പരസ്പര ബന്ധം തുടരുന്നു എന്നതിനാലാണെന്നും പ്രസ്താവനയിൽ ആരോപിച്ചു

.

വാഗ്ദാനങ്ങളുടെ പരമ്പരയായിരുന്നു യുഡിഎഫ് മുന്നോട്ടുവെച്ചത്. 21,000 രൂപ ആശാ വർക്കർമാർക്ക് എന്നുള്ളത് നടന്നില്ല. എല്ലാ കെഎസ്ആർടിസി ബസ്സിലും സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സൗജന്യ യാത്ര എന്ന വാഗ്ദാനം പാലിച്ചില്ല. കുട്ടികളുടെ കെഎസ്ആർടിസി പാസ്സിന്റെ തുക 10ൽ നിന്നും 110 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. അഞ്ച് വർഷ ശമ്പള പരിഷ്‌ക്കരണമെന്നത് അട്ടിമറിക്കപ്പെടുകയാണ്. ലീവ് സറണ്ടർ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. സ്ഥലം മാറ്റത്തിലുള്ള മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. ക്ഷേമ പെൻഷനുകളും, സ്ത്രീ സുരക്ഷാ പെൻഷനുകളും തകിടം മറിഞ്ഞിരിക്കുകയാണ്. പവ്വർകട്ടും തിരിച്ചുവരികയാണ്.

എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അത്തരം ശക്തികളുടെയെല്ലാം സമ്മർദ്ദത്തിൽ മുന്നോട്ടുപോകേണ്ട സ്ഥിതിയിലാണ് യുഡിഎഫ് നിൽക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ തന്നെ പ്രത്യക്ഷപ്പെട്ട ഈ പ്രവണത വിവിധ രൂപങ്ങളിൽ തുടരുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ തന്നെ ദേവസ്വം ബോർഡിന്റെ ലീഗൽ അഡൈ്വസറായി നിയമിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. സർക്കാരിന്റെ നിയമനങ്ങൾ പൊതുസമൂഹത്തിൽ എത്തുമ്പോഴേക്കും പിൻവലിക്കേണ്ട സ്ഥിതിയും രൂപപ്പെടുന്നത് ഇതിന്റെ ഫലമായാണ്.

2016ൽ തകർന്നുകിടന്ന കേരളത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. അതിദാരിദ്ര്യം പരിഹരിക്കപ്പെട്ടത് അതിന്റെ ഫലമായാണ്. എന്നാൽ, യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും, വർഗ്ഗീയ അജണ്ടകളും കേരളത്തെ ഏറെ പിറകോട്ട് നയിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാതെയും, കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ തകർക്കുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾ ഒരു മാസം കൊണ്ട് തന്നെ വ്യക്തമായിരിക്കുകയാണെന്നും സി.പി.എ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA