
കണ്ണൂർ : ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കിയതോടെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന . ഓപ്പറേഷൻ മൺസൂൺ എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ 20 വരെ ജില്ലയിലെ 723 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 75 ഇടത്ത് നിന്നും പിഴ ഈടാക്കി.ഗുരുതര വീഴ്ച്ച കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.നിരവധി സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടിസും നൽകി.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകളിൽ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്. ആരോഗ്യ ജാഗ്രത പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 94 സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. 1108 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതും ശുചിത്വം കുറഞ്ഞതും ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 108 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടിസ് നൽകി. ഒരു ഭക്ഷ്യ പാനീയ വിൽപന ശാല അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടുണ്ട്. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും പൊതുജനങ്ങൾ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മാത്രം ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികതർ പറഞ്ഞു .
സ്കൂൾ ഉച്ചഭക്ഷണകേന്ദ്രങ്ങളിലും പരിശോധന
സ്‌കൂൾ ഉച്ചഭക്ഷണ പാചകശാലകൾ, വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, മറ്റു സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷണ നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ച് കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, മെഡിക്കൽ ഫിറ്റ്നസ് എന്നിവയും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ഹാർബറുകൾ, മത്സ്യോത്പന്നങ്ങളുടെ മൊത്തചില്ലറ വിൽപനശാലകൾ എന്നിവിടങ്ങളും പരിശോധിക്കുന്നുണ്ട്. മത്സ്യം സൂക്ഷിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിളുകളും പരിശോധനയ്ക്കയക്കും. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ നിർമ്മാണ യൂനിറ്റുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഉത്പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
സ്ഥാപനങ്ങൾക്ക് വേണം
ലൈസൻസ്
രജിസ്‌ട്രേഷൻ
ശുചിത്വ മാനദണ്ഡം പാലിക്കൽ
വ്യക്തിശുചിത്വം
മെഡിക്കൽ ഫിറ്റ്നസ്സും
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ 1800 425 1125
ഗ്രീവൻസ് പോർട്ടൽ -https://www.eatright.foodsafety.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |