കണ്ണൂർ: സർക്കാരിനെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കംചെയ്യിക്കാൻ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഐടി ആക്ടിലെ സെക്ഷൻ 79(3)ബി പ്രകാരം മെറ്റയ്ക്ക് പൊലീസ് കത്തയച്ച് പോസ്റ്റുകൾ നിരോധിപ്പിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തായിരുന്നപ്പോൾ വി.ഡി സതീശൻ ഉയർത്തിയ ഒട്ടേറെ വിഷയങ്ങളിൽ ഭരണത്തിലെത്തിയ ശേഷം അദ്ദേഹം സൗകര്യപൂർവം യൂട്ടേൺ അടിക്കുകയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കൽ, കരിമണൽ ഖനനം, കേസിലെ പ്രതിയുടെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് തുടങ്ങിയ വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്നും കോൺഗ്രസ് -ബി.ജെ.പി ഡീൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ തെളിവുസഹിതം ചർച്ചചെയ്യുന്ന നവമാദ്ധ്യമങ്ങളെ നിശബ്ദമാക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ ഇതിനോടകം മെറ്റ നീക്കം ചെയ്തുകഴിഞ്ഞതായി ജയരാജൻ വെളിപ്പെടുത്തി.
അടിയന്തരാവസ്ഥയുടെ 51ാം വാർഷികദിനത്തിൽ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ അരങ്ങേറുന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. 51 വർഷം മുൻപ് കോൺഗ്രസ് നടപ്പാക്കിയ 'നാവടക്കൂ പണിയെടുക്കൂ' നയത്തിന്റെ ആധുനിക രൂപമാണ് ഈ സെൻസർഷിപ്പ് നടപടികളെന്ന് അദ്ദേഹം പരിഹസിച്ചു. ഇതേ രീതി തുടർന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങളെ പോലും സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പും ജയരാജൻ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |