SignIn
Kerala Kaumudi Online
Friday, 31 July 2026 4.06 AM IST

പുനരധിവാസ പദ്ധതി താളം തെറ്റി, ആറളത്ത് അരക്ഷിതാവസ്ഥ

ph-1-
ആറളത്ത് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നബാർഡ് പദ്ധതി പ്രകാരം നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളിലൊന്ന് കാട്മൂടിയ നിലയിൽ

കണ്ണൂർ: മോഴ ആനയെ പിടികൂടാനുള്ള ദൗത്യം നീളുന്നതിന് പിന്നാലെ ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖല അരക്ഷിതാവസ്ഥയിലെന്ന് പ്രദേശവാസികളുടെ ആക്ഷേപം. ജില്ലാ കളക്ടർ ചെയർമാനും എസ്.ടി ഡിപ്പാർട്ട്മെന്റ് ജില്ലാ ഓഫീസർ കൺവീനറുമായിട്ടുള്ള ആറളം പട്ടികവർഗ്ഗ പുനരധിവാസ പദ്ധതി താളം തെറ്റിയെന്ന് മേഖലയിലുള്ളവർ പറഞ്ഞു. പദ്ധതി 20 വർഷം പിന്നിടുമ്പോൾ നാഥനില്ലാത്ത അവസ്ഥയാണ്.

മേഖലയിൽ ദൈനംദിന കാര്യങ്ങൾ നടത്തുന്നതിനായി സൈറ്റ് മാനേജർ തസ്തികയിൽ ഒരു ഉദ്യോഗസ്ഥനും പത്ത് എസ്.ടി പ്രമോട്ടർമാരും എൻജിനീയറും അടക്കമുള്ളവരുടെ സേവനം ലഭ്യമാക്കിയിരുന്നു. എന്നാൽ കുറച്ച് മാസങ്ങളായി സൈറ്റ് മാനേജരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. സൈറ്റ് മാനേജരുടെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമാണ് ഇപ്പോഴുള്ളത്. ഈ ഉദ്യോഗസ്ഥന് മറ്റ് ട്രൈബൽ ഓഫീസുകളിൽ കൂടി ഉത്തരവാദിത്വമുണ്ട്.

പുനരധിവാസ പ്രവർത്തനം കാര്യക്ഷമമായി നടക്കണമെങ്കിൽ സൈറ്റ് മാനേജർ ഉൾപ്പെടെയുള്ള സ്ഥിരം ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനവും അത്യാവശ്യമാണ്.

തൊഴിൽ നൽകിയത് 400 പേർക്ക്

ആറളം ഫാമിൽ പുനരധിവസിക്കപ്പെടുന്ന കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും തൊഴിൽ നൽകാനായാണ് കാർഷിക ഫാം നിലനിർത്തിയത്. എന്നാൽ 400ൽ താഴെ ആളുകൾക്ക് മാത്രമാണ് നിലവിൽ തൊഴിൽ നൽകിയത്. പങ്കാളിത്ത കൃഷിയുമായി ബന്ധപ്പെട്ടുകൊണ്ട് പുതിയ പ്രോജക്ടുകൾ ഭൂമി പാട്ടത്തിനെടുത്ത് സ്വകാര്യ വ്യക്തികൾ നടപ്പിലാക്കി വരുന്നുണ്ട്. ഇവർക്ക് തൊഴിലാളികളെ നൽകുന്നത് ടി.ആർ.ഡി.എം തയ്യാറാക്കിയ ലേബർ ബാങ്ക് മുഖേനയാണ്. എന്നാൽ ഈ ലേബർ ബാങ്കിനകത്ത് ഫാമിൽ ഭൂമി ലഭിച്ച അർഹതപ്പെട്ട എല്ലാ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ മാസങ്ങളായി തുടരുന്ന ഈ അരക്ഷിതാവസ്ഥ ഒഴിവാക്കാൻ പുനരധിവാസ മിഷൻ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ഇടപെടൽ അനിവാര്യമാണെന്ന് മേഖലയിലുള്ളവർ പറഞ്ഞു .

വീടുകൾ ചോർന്നൊലിക്കുന്നു

പുനരധിവാസ പ്രവർത്തനത്തിന്റെ തുടക്കത്തിൽ നൽകിയ വീടുകളെല്ലാം ചോർന്നൊലിക്കുകയാണ്. പുതുക്കിപ്പണിയുന്നതിനായി ഫണ്ട് അനുവദിച്ചു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വീടുകൾ റിപ്പയർ നടത്തുന്നതിനുള്ള പണം വിതരണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന വീടുകളിലാണ് പലരും അന്തിയുറങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL