
തുറവൂർ: അങ്കണവാടിയിലേക്കുള്ള വഴിയ്ക്ക് സമീപത്തെ പുരയിടം കാടും പുല്ലും വളർന്നികിടക്കുന്നതിനാൽ പാമ്പുശല്യം കൂടിയതായി നാട്ടുകാർ പരാതിപ്പെടുന്നു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ 145-ാം നമ്പർ അങ്കണവാടിയിലേക്കുള്ള പഞ്ചായത്ത് നടപ്പാതയുടെ വലതുവശത്തുള്ള പുരയിടത്തിലാണ് കാട് വളർന്നത്. ഹൈവേയിൽ നിന്ന് അങ്കണവാടിയിലെത്താനുള്ള ഏക വഴിയാണിത്.
20 ഓളം കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിലേക്കും സമീപത്തെ നിരവധി കുടുംബങ്ങളിലേക്കും എത്തിച്ചേരാൻ ആശ്രയിക്കുന്ന വഴിയിൽ മൂർഖൻ, അണലി ഉൾപ്പെടെയുള്ള പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു രക്ഷിതാവ് അറിയാതെ മൂർഖൻ പാമ്പിനെ ചവിട്ടിയയെങ്കിലും കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അങ്കണവാടി പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം വർധിച്ചതോടെ കുട്ടികളെ ഇവിടേക്ക് അയക്കാൻ പല രക്ഷിതാക്കളും മടിക്കുകയാണ്. . പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള അങ്കണവാടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ താൽപര്യം കാണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കാടുവളർന്ന പുരയിടം വൃത്തിയാക്കുന്നതിനും നടപ്പാത സുരക്ഷിതമാക്കുന്നതിനും പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |