
കണ്ണൂർ: സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കണ്ണൂരിൽ കൂത്തുപറമ്പിലും അഴീക്കോട്ടിലും മുന്നണിക്ക് കാലിടറിയതിന്റെ കാരണം കണ്ടെത്താൻ നിയോഗിക്കപ്പെട്ട മുസ്ലിം ലീഗ് അന്വേഷണ കമ്മിറ്റികളിലൊന്ന് റിപ്പോർട്ട് നേതൃത്വത്തിന് സമർപ്പിച്ചു. രണ്ടാമത്തേത് അടുത്ത ആഴ്ച സമർപ്പിക്കും.
രണ്ട് മണ്ഡലങ്ങളിലെയും റിപ്പോർട്ടുകൾ ഒന്നിച്ച് പരിഗണിച്ച് സംഘടനാതലത്തിൽ തുടർ നടപടികൾ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നാണ് സൂചന.
കൂത്തുപറമ്പിൽ വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ ഇടതുസ്ഥാനാർത്ഥി പി.കെ. പ്രവീണിനോട് 1,286 വോട്ടിന് പരാജയപ്പെട്ടത് സംബന്ധിച്ചാണ് ആദ്യ അന്വേഷണകമ്മിറ്റിയുടെ റിപ്പോർട്ടിൽ പ്രധാന പരാമർശം.മുസ്ലിം ലീഗിനകത്ത് തന്നെ വോട്ട് വികേന്ദ്രീകരിക്കപ്പെട്ടതാണ് പരാജയകാരണമെന്ന് കണ്ടെത്തി ഇവിടെ സംഘടനാ തലത്തിൽ നടപടിയെടുത്തിരുന്നു. ബി.ജെ.പിയുടെ വോട്ട് വർദ്ധനവും തിരിച്ചടിക്ക് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടപ്പെടുന്നു.. ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.ഷിജി ലാൽ 22,195 വോട്ട് നേടിയാണ് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്.
അഴീക്കോട് നിയോജകമണ്ഡലം റിപ്പോർട്ട് അടുത്ത ആഴ്ച
അഴിക്കോട് നിയോജകമണ്ഡലത്തിൽ ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലരി ഇടതുസ്ഥാനാർത്ഥി കെ.വി. സുമേഷിനോട് വെറും 347 വോട്ടിന് പരാജയപ്പെട്ടതും കമ്മിറ്റി പരിശോധിക്കുന്നുണ്ട്. അഡ്വ.എസ്.മുഹമ്മദ്, ടി.എൻ.എ. ഖാദർ, ഫാറൂഖ് വട്ടപ്പൊയിൽ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അഴീക്കോട്ടെ പരാജയകാരണം അന്വേഷിക്കുന്നത്. റിപ്പോർട്ട് അടുത്ത ആഴ്ച നേതൃത്വത്തിന് കൈമാറും.എൽ.ഡി.എഫിന്റെ ശക്തമായ സംഘടനാ സംവിധാനവും വോട്ട് അടിത്തറയുമാണ് പരാജയകാരണമെന്നായിരുന്നു നേരത്തേ വിലയിരുത്തിയത്.എന്നാൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ വോട്ട് മറിഞ്ഞിട്ടുണ്ടോയെന്നാണ് മുഖ്യമായി പരിശോധിക്കപ്പെടുന്നത്. ലീഗിന് സ്വാധീനമുള്ള ചില ബൂത്തുകളിൽപ്പോലും പ്രതീക്ഷിച്ച വോട്ട് ചേലേരിക്ക് ലഭിച്ചില്ലെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |