SignIn
Kerala Kaumudi Online
Saturday, 29 August 2026 5.13 AM IST

ചിറവക്കിൽ റോഡ് ഇടിഞ്ഞ പ്രദേശം ഉദ്യോഗസ്ഥസംഘം നാളെ സന്ദർശിക്കും തകർച്ചയ്ക്ക് പിന്നിൽ അശാസ്ത്രീയ മണ്ണെടുപ്പ്

chiravakk

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാൻ നഗറിൽ അശാസ്ത്രിയമായ മണ്ണെടുപ്പിനെ തുടർന്ന് റോഡ് ഇടിഞ്ഞ സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ റോഡ് വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിക്കും.ടി.കെ.ഗോവിന്ദൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത് .
ആഗസ്റ്റ് ഒന്നിനുണ്ടായ കനത്ത മഴയെ തുടർന്നാണ് ചിറവക്ക് ഈ റോഡ് ഇടിഞ്ഞത്.തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതവും കാൽനട യാത്രയും തടസ്സപ്പെട്ടിരുന്നു.ഇടിഞ്ഞ റോഡിൽ കോൺക്രീറ്റ് ഭിത്തി പണിത് വാഹനഗതാഗതം സുഗമമാക്കുമെന്ന് ഖനനം നടത്തിയ സ്വകാര്യവ്യക്തികൾ ഉറപ്പ് നല്കിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഇത് പാലിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച വാർഡ് കൗൺസിലറുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയറിൽ നിരാഹാരസമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

വീട് നിർമ്മിക്കാൻ അനുമതി ; കടത്തിയത് വൻതോതിൽ മണ്ണ്

റോഡിന് താഴെ ഭാഗത്ത് വീട്, ഷോപ്പ് എന്നിവ നിർമ്മിക്കാൻ കെ.പി.ഷാഹിൽ, മുഹമ്മദ്
ഇർഷാദ് എന്നിവർക്ക് നഗരസഭ അനുമതി നൽകിയിരുന്നു.ഇതോടനുബന്ധിച്ച് 6648 ടൺ മണ്ണ് ഖനനം ചെയ്യാനും ഇവരെ അനുവദിച്ചിരുന്നു. ഫീസിനത്തിൽ 2.65 ലക്ഷം നൽകി 400 പാസുകളാണ് ഇവർക്ക് നൽകിയത്. ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ അടിത്തറയെങ്കിലും നിർമ്മിക്കണമെന്ന വ്യവസ്ഥയും ഇതോടൊപ്പമുണ്ടയിരുന്നു. 2025 ഫെബുവരി 11 മുതൽ 2026 ജനുവരി 10 വരെയായിരുന്നു മണ്ണെടുപ്പിനുള്ള അനുമതി. ഇതിനിടെ തമ്പുരാൻ റസിഡൻസ് അസോസിയേഷൻ ഖനനത്തിനെതിരെ ജില്ല കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചെങ്കിലും അതിനകം വൻതോതിൽ മണ്ണ് ഇവിടെ നിന്ന് എടുത്തു. പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപേക്ഷകൻ വീടിന്റെ അടിത്തറ പോലും നിർമ്മിച്ചില്ലെന്നും അനുവദിച്ചതിലും 2682 ക്യൂബിക് മീറ്റർ മണ്ണ് അധികം കടത്തിയെന്നും കണ്ടെത്തി. തുടർന്നാണ് ഇരു നിയമലംഘനങ്ങൾക്കുമായി നഗരസഭ അഞ്ച് ഇരട്ടി പിഴ വിധിച്ചു.

പിഴയായി നൽകണം 34.75 ലക്ഷം രൂപ

നഗരസഭ അസിസ്റ്റന്റ് എൻജിനീയർ എസ്.സീന സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമ്പുരാൻ നഗറിൽ വ്യവസ്ഥ ലംഘിച്ച് മണ്ണെടുത്തവർക്ക് 34.75 ലക്ഷം രൂപ പിഴ ചുമത്താൻ തളിപ്പറമ്പ് നഗരസഭ തീരുമാനമെടുത്തിരുന്നു.മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ നഗരസഭ ചെയർമാൻ പി.കെ.സുബൈറിന്റെ നേതൃത്വത്തിൽ അന്വേഷണസമിതിയും രൂപീകരിച്ചിട്ടുണ്ട്. അധികമായി മണ്ണെടുത്തതിനും നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാത്തതിനുമാണ് പിഴ ഒടുക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL