SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

വിശാഖപട്ടണത്തും വിജയം വരിച്ച് കണ്ണൂർ സ്ക്വാഡ് പ്രതിയെ പൊക്കിയത് അന്യസംസ്ഥാനതൊഴിലാളി ക്യാമ്പിൽ നിന്ന്

robin

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുന്നിലെ ഷോപ്പിംഗ് കോപ്ലക്സിന് മുന്നിൽ നടന്ന കൊലപാതക കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സ്വദേശി റോബിനെ(33) വിശാഖപട്ടണത്തു നിന്നും പ്രത്യേക അന്വേഷണ സംഘം പൊക്കിയത് അതിസാഹസികമായി. ഇരുന്നൂറോളം അന്യസംസ്ഥാനക്കാർ താമസിക്കുന്ന ഷെഡുകളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടും പരിശോധന പൂർത്തികരിച്ചാണ് ഈയാളെ സംഘം കസ്റ്റഡിയിലെടുത്തത്.

നിരവധി ഷെഡുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഷെഡുകളിലെ പരിശോധന പൊലീസ് സംഘത്തിന് ശരിക്കും വെല്ലുവിളിയായിരുന്നു. ഷെഡ് മുഴുവനായും പൂട്ടിയ ശേഷമാണ് പരിശോധന തുടങ്ങിയത്.ഇതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്തു നിന്നും പ്രതിഷേധവും പ്രകോപനവുമുണ്ടായി. ഷെഡിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച റോബിനെ പൊലീസ് അതിസാഹസികമായി കീഴടക്കുകയായിരുന്നു. കണ്ണൂർ എ.സി.പി ആസാദ്, ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്. ജൂൺ 26ന് മദ്യപാനത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് പരിസരത്തെ കോംപ്ലക്സിന് സമീപം വച്ച് പരസ്പരം ഉണ്ടായ വാക്കേറ്റമാണ് അടിപിടിയിലും തിരുവനന്തപുരം സ്വദേശി ചന്ദ്രൻ (56) കൊലപാതകത്തിലും കലാശിച്ചത്. ജൂലായ് 2 ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചന്ദ്രൻ മരണപ്പെട്ടത്.

ജന്മനാട്ടിലെത്താതെ വർഷങ്ങൾ

അച്ഛനോട് സംസാരിച്ചത് തുമ്പായി

ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതി റോബിനിലേക്ക് പ്രത്യേക അന്വേഷണസംഘം എത്തിയത്.

ചന്ദ്രൻ കൊല്ലപ്പെട്ട ശേഷം സ്ഥലത്ത് നിന്ന് റോബിനെ കാണാതായത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു.

കാലങ്ങളായി നഗരത്തിൽ അലഞ്ഞ് നടക്കുന്ന സ്വഭാവക്കാരനായ ഈയാൾ പൊതുവേ ആരുമായും കൂട്ടുകൂടാറില്ലെന്ന് അന്വേഷണസംഘം മനസിലാക്കി. പ്രതിയും കൊല്ലപ്പെട്ട ചന്ദ്രനും റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ കേന്ദ്രീകരിച്ച് ജോലിയെടുത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്നെ അന്തിയുറങ്ങുന്നവരാണ്. പ്രതിയുടെ കുടുംബ പശ്ചാത്തലം പരിശോധിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. പ്രതിയുടെ പിതാവ് സാജൻ സാബു ആലപ്പുഴ മുഹമ്മയിലുണ്ടെന്നറിഞ്ഞ അന്വേഷണ സംഘം അവിടെയെത്തിയെങ്കിലും നാട്ടിൽ വന്നിട്ട് കൊല്ലങ്ങളായെന്ന വിവരമാണ് ലഭിച്ചത്.

തുടർന്ന് പിതാവിന്റെ ഫോൺ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഈയാളുമായി ബന്ധപ്പെട്ടതായുള്ള വിവരം ലഭിച്ചു.സംഭവത്തിന് ശേഷം വന്ന ഫോൺ കോളുകൾ പരിശോധിച്ചതിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു നമ്പറിൽ അന്വേഷണസംഘത്തിന് സംശയം തോന്നി.മേസ്തിരിപണിക്കാരനായ തനിക്ക് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നുള്ള കാൾ വരാറുണ്ടെന്നായിരുന്നു റോബിന്റെ പിതാവ് ഇതിന് നൽകിയ മറുപടി. തുടർന്ന് ഈ കാൾ പിന്തുടർന്ന പൊലീസ് സംഘം വിശാഖപട്ടണം തുറമുഖത്തിന് സമീപത്താണ് ഫോൺ ഉള്ളതെന്ന് മനസിലാക്കി. പിന്നാലെയെത്തിയ പ്രത്യേക അന്വേഷണസംഘം ഈ ഫോൺ നമ്പറിന്റെ ഉടമയെ കണ്ടെത്തി പ്രതി റോബിൻ സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL