
കണ്ണൂർ: ദേശീയകായിക ദിനം കടന്നുപോകുമ്പോൾ മെഡൽത്തിളക്കവുമായി ലോകഹോക്കിയിൽ തുന്നിച്ചേർന്ന മാനുവൽ ഫെഡറിക്സിനെ അപമാനിച്ച് സ്വന്തം നാട്. ഒളിമ്പ്യന്റെ പേരിലുള്ള റോഡിന്റെ ഒടിഞ്ഞുതൂങ്ങിയ ബോർഡ് പോലും മാറ്റാതെയാണ് ഇക്കുറി കണ്ണൂരിൽ ദേശീയകായികദിനം കടന്നുപോയത്.
പയ്യാമ്പലം ശാന്തിതീരം ശ്മശാനം മുതൽ പള്ളിയാംമൂലയിലെ വീട് സ്ഥിതിചെയ്യുന്ന ഭാഗം വരെയാണ് രാജ്യത്തിന് അഭിമാനം പകർന്ന മെഡൽ സമ്മാനിച്ച മാനുവൽ ഫ്രെഡറിക്കിന്റെ പേരിലുള്ള റോഡുള്ളത്. ഇതിന്റെ ബോർഡ് തകർന്നു തൂങ്ങി നിൽക്കാൻ തുടങ്ങി മാസങ്ങളായി.ടി.ഐ.മോഹനൻ മേയറായിരിക്കെയാണ് റോഡിന് ഒളിംപ്യന്റെ പേര് നാമകരണം ചെയ്തത്. ബോർഡ് സ്ഥിതി ചെയ്യുന്ന പയ്യാമ്പലം ഡിവിഷനെ പ്രതിനിധീകരിക്കുന്നത് ഇപ്പോഴത്തെ മേയർ അഡ്വ.പി.ഇന്ദിരയാണ്. ഈ വിഷയം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഇടപെടാൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 1972ൽ മ്യൂണിക് ഒളിമ്പിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്ക്.
ജീവിതകാലത്തു തന്നെ അവഗണന
ജീവിച്ചിരിക്കുമ്പോൾത്തന്നെ ആ കായിക പ്രതിഭയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിൽ ജില്ല ഭരണകൂടം വേണ്ടത്ര താൽപര്യം കാട്ടിയിരുന്നില്ല. സ്വന്തം നാട്ടിൽ ഒരു വീടെന്ന സ്വപ്നം അദ്ദേഹം ഏറെക്കാലം കൊണ്ടുനടന്നിരുന്നു. ഒടുവിൽ പിണറായി വിജയൻ സർക്കാർ സെന്റിന് 15 ലക്ഷം വിലനൽകിയാണ് പള്ളിയാംമൂലയിൽ അഞ്ചുസെന്റ് ഭൂമി ഏറ്റെടുത്ത് നൽകിയത്. അന്ന് കായികമന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ ഇടപെടലിൽ പത്തുമാസത്തിനുള്ളിൽ ഇരുനില വീട് യാഥാർഥ്യമാക്കി എഴുപത്തിരണ്ടാം വയസിലായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാൽക്കരിച്ചത്. നിലവിൽ പയ്യാമ്പലത്ത് റോഡ് തുടങ്ങുന്നിടത്ത് അവശേഷിക്കുന്നത് ഒരു കുറ്റി മാത്രമാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാനുവൽ ഫ്രെഡറിക്കിന്റെ മക്കൾ മേയർ പി.ഇന്ദിരയെ നേരിൽക്കണ്ട് സംഭവം അറിയിച്ചിരുന്നു. എന്നാൽ ബോർഡ് പുനഃസ്ഥാപിക്കാൻ കോർപറേഷൻ തയ്യാറായില്ല. പരാതി എഴുതിനൽകിയിട്ടും അവഗണന തുടരുകയായിരുന്നു. മാനുവൽ ഫ്രെഡറിക്കിന്റെ ഒന്നാം ചരമ വാർഷികദിനമായ ഒക്ടോബർ 31ന് മുൻപെങ്കിലും അവഗണനക്ക് പരിഹാരമുണ്ടാകുമോയെന്നാണ് ഇവരെല്ലാം ഇപ്പോൾ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |