ചെറുവത്തൂർ: ഏറെ തിരക്കേറിയ ചെറുവത്തൂർ- കയ്യൂർ റോഡിൽ ഇന്നലെ അപകടം ഉണ്ടായ കൊത്തങ്കരയിൽ മൂന്ന് മാസം മുമ്പാണ് കനത്ത തോതിൽ മണ്ണിടിഞ്ഞത്. പൂഴി കലർന്ന ചെമ്മണ്ണ് ആയതിനാൽ മണ്ണിളകി വരുന്നത് പതിവായിരുന്നു.
കനത്ത മഴയിൽ മണ്ണടിച്ചൽ പതിവായതിനാൽ മണ്ണ് തുരന്നെടുത്തുള്ള നിർമ്മാണ പ്രവൃത്തി നിർത്തിവയ്ക്കണമെന്ന് പരിസരവാസികൾ പറഞ്ഞിരുന്നതാണ്. എന്നാൽ അതൊന്നും ഗൗനിക്കാതെയാണ് നിർമ്മാണം നടന്നതെന്ന് പറയുന്നു.
കുന്നിൻ ചെരുവിലുള്ള ഈ ഭാഗത്തെ പ്രധാന റോഡ് സംരക്ഷിക്കുന്നതിന് കാസർകോട് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയെങ്കിലും പ്രവൃത്തി കൃത്യമായി നടത്തുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വലിയ അനാസ്ഥ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. നിരന്തരം മണ്ണിടിയുന്ന കൊത്തങ്കര വരെ സംരക്ഷണ പദ്ധതി എത്തിച്ചില്ലെന്നാണ് പ്രധാന ആരോപണം. സന്ദീപ് വാര്യർ എം.എൽ.എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, വൈസ് പ്രസിഡന്റ് കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, വൈസ് പ്രസിഡന്റ് പി. മിനിമോൾ, മെമ്പർമാർ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം.പി.വി ജാനകി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
പരിക്കേറ്റ മൂവരും ചെറുവത്തൂർ കെ.എ.എച്ച്.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |