ചെറുവത്തൂർ: ഓണഘോഷത്തിന് വാഴയിലയിൽ പത്ത് കൂട്ടം കറികളുമടക്കമുള്ള ഓണസദ്യ വിപണിയിൽ ലഭ്യമായ മലയാളിക്ക് മറ്റൊരു കാഴ്ച സമ്മാനിക്കുകയാണ് ചെറുവത്തൂർ വി.വി നഗറിലെ കലാ കുടുംബത്തിൽ നിന്നുള്ള പാർവ്വതി വിജേഷ്. ഒറിജിനൽ പൂക്കൾ കൊണ്ട് ഉണ്ടാക്കുന്ന പൂക്കളങ്ങളെ വെല്ലുന്ന നിർമ്മിത പൂക്കളങ്ങളാണ് പാർവ്വതി ഒരുക്കുന്നത്. വിവിധ നിറങ്ങളിലുള്ള പൂവുകൾ കൊണ്ടുണ്ടാക്കുന്ന സുന്ദരമായ പൂക്കളം പോലെ സൗന്ദര്യമുള്ളതാണ് ഈ പൂക്കളവും.
നെറ്റിപ്പട്ടത്തിന് ഉപയോഗിക്കുന്ന ചുവന്ന തുണിയിലും കാൻവാസുകളിലും വിവിധ നിറങ്ങളിലുള്ള ഫാബ്രിക് സിൽക്ക് മെറ്റീരിയൽ ഉപയോഗിച്ചും കൈകൾ കൊണ്ട് തുന്നിച്ചേർത്താണ് വിവിധ രീതിയിലുള്ള നിർമ്മിത പൂക്കളം പാർവ്വതി ഒരുക്കുന്നത്. പൂവിന്റെ അംശം തെല്ലുമില്ലെങ്കിലും കാഴ്ചയിൽ യഥാർത്ഥ പൂക്കളമായേ തോന്നുകയുള്ളൂ. തെയ്യങ്ങളുടെയും തെങ്ങിന്റെയും വഞ്ചിയുടെയും മാതൃകയിൽ ആവശ്യപ്പെടുന്ന ഏത് ഡിസൈനിലും ആയിരം രൂപ മുതൽ വിലയുള്ള പൂക്കളം തയ്യറാക്കി നൽകും.
തൃപ്പൂണിത്തറ ആർ.എൽ.വി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട് എറണാകുളം സൗത്ത് കാരക്കാമുറി സ്വദേശിനിയായ പാർവ്വതി. എട്ട് വർഷം മുമ്പ് തായമ്പക ആർട്ടിസ്റ്റ് വിജേഷിനെ വിവാഹം ചെയ്താണ് ചെറുവത്തൂരിൽ എത്തിയത്. ആറു വർഷം എറണാകുളം ഭാരതീയ വിദ്യാഭവൻ ഭവൻസ് സ്കൂളിൽ അദ്ധ്യാപികയായിരുന്നു. കാശിനാഥ്, ഋതുനാഥ് എന്നിവർ മക്കളാണ്.
സ്വയം ആർജിച്ച കഴിവ്
പരിശീലനങ്ങളൊന്നും ഇല്ലാതെ സ്വയം ആർജിച്ചെടുത്ത കഴിവുകൊണ്ടാണ് പൂക്കളവും വീട്ടലങ്കാര വസ്തുക്കളും നിർമ്മിക്കുന്നത്. രണ്ട് വർഷമായി ഈ രംഗത്ത് സജീവമാണ്. ഓണ സീസണായതിനാൽ പൂക്കളത്തിന് ആവശ്യക്കാർ ഏറെയുണ്ട്. കൂടാതെ കല്ല്യാണം, ഷോർട് ഫിലിം തുടങ്ങിയ വീഡിയോ ചിത്രീകരണത്തിലും പൂക്കളത്തിന് ആവശ്യക്കാരെത്തും. നടന കൈലാസ എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഓഡറുകൾ ലഭിക്കുന്നത്.
പൂക്കളത്തിന് പുറമെ നെറ്റിപ്പട്ടം, തിടമ്പ്, വാൽക്കണ്ണാടി, ആലവട്ടം എന്നിവയും നിർമ്മിക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഇവ വാങ്ങാനുള്ള ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് പാർവ്വതി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |