കാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മൊബൈൽ കടയിൽ നിന്ന് 44,999 രൂപ വിലവരുന്ന ടാബ് വാങ്ങി പണം നൽകാതെ കബളിപ്പിച്ചു മുങ്ങിയ 10 ഓളം തട്ടിപ്പു കേസിലെ പ്രതി അറസ്റ്റിൽ. കൊച്ചി എടപ്പള്ളി സ്വദേശി കിഷോർ ശങ്കർ (41) ആണ് കാസർകോട് പൊലീസിന്റെ പിടിയിലായത്.
എടപ്പള്ളി, കൊച്ചിയിലെ വാസുദേവപുരം പാലസ് എന്നാണ് പൊലീസിൽ നൽകിയ വിലാസം.. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ബ്രിഡ്ജ് മൊബൈൽ സ്റ്റാറിൽ ഇക്കഴിഞ്ഞ ജൂലായ് 20 നാണ് സംഭവം. കടയിൽനിന്ന് സാംസംഗ് ടാബ് എസ് 9 മോഡൽ ടാബാണ് പ്രതി വാങ്ങിയത്. ഡിസ്കൗണ്ട് കഴിച്ച് ബിൽ തുകയായ 32,492 രൂപ കനറ ബാങ്ക് ആപ്പ് വഴി നൽകാമെന്ന് പറഞ്ഞ് കടയുടമയെ വിശ്വസിപ്പിച്ചശേഷം പണം നൽകാതെ ടാബുമായി കടന്നുകളഞ്ഞെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് ഒരാഴ്ച കഴിഞ്ഞ് ജൂലായ് 27ന് പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കിഷോർ ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ശങ്കർ കിഷോർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എസ്.ഐ എംടിപി സെയ്ഫുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അറസ്റ്റിലായ പ്രതിയിൽ നിന്ന് ടാബ് ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തി വരികയാണ്.
സമാനമായ 10 ഓളം തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതി പിടിയിലായ വിവരമറിഞ്ഞ് ഇയാളുടെ തട്ടിപ്പിനിരായ നിരവധി പേർ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |